തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി ബിജെപിയില്‍ ചേരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചില പ്രാദേശിക മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്ത് വിട്ടത്. ആന്ധ്രപ്രദേശിലെ പ്രമുഖ ടിഡിപി നേതാവ് അംബീകാ കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നതിന് പിറകെ സൂപ്പര്‍ താരവും ബിജെപിയില്‍ എത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റാം മാധവ് ലഷ്മി നാരായണ റാവുവിനെ പോലുള്ള മുതിര്‍ന്ന നേതാക്കളുമായി ചിരഞ്ജീവി ചര്‍ച്ചകള്‍ നടത്തിയതായി ന്യൂസ് 18 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിരഞ്ജീവി ബിജെപിയിലെത്തുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. അദ്ദേഹത്തിന് പിന്നാലെ മറ്റ് ചില താരങ്ങള്‍ കൂടി ബിജെപിയിലെത്തുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. പവന്‍കുമാര്‍ കല്യാണിനെ പോലുള്ള താരങ്ങളെയും ബിജെപി ലക്ഷ്യമിടുന്നുണ്ട്.
പ്രമുഖ ടിഡിപി നേതാവ് അംബിക കൃഷ്ണയും ഇന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എല്ലൂരു എംഎല്‍എയായ അംബിക കൃഷ്ണ സിനിമ നിര്‍മ്മാതാവുമാണ്.നാല് രാജ്യസഭാ എംപിമാര്‍ക്ക് പിന്നാലെ പ്രമുഖ നേതാവ് കൂടി പാര്‍ട്ടി വിട്ടതോടെ ടിഡിപിയുടെ നില പരുങ്ങലിലായി.
ടിഡിപി എംഎല്‍എമാരില്‍ നല്ലൊരു പങ്കും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. 175 അംഗ സഭയില്‍ 23 എംഎല്‍എമാരാണ് ടിഡിപിക്കുള്ളത്. ഇതില്‍ 14 പേര് വൈകാതെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎ വിട്ട ചന്ദ്രബാബു നായ്ഡുവിന്റെ തീരുമാനത്തിലും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്.
18 ശതമാനം വരുന്ന കാപു സമുദായത്തെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കങ്ങള്‍. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തമായ വോട്ടുബാങ്കായിരുന്നു റെഡ്ഡി സമുദായം. ഇവര്‍ പൂര്‍ണമായും വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് മാറി. ടിഡിപിയുടെ വോട്ടുബാങ്കാണ് കാപു സമുദായം. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് കാപു സമുദായക്കാരനായ മുന്‍മന്ത്രി കന്ന ലക്ഷ്മി നാരായണനെ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. ആന്ധ്രയില്‍ വൈകാതെ ബിജെപി പ്രതിപക്ഷമാകുമെന്നാണ് സൂചനകള്‍
Discussion about this post