നേപ്പാളില്‍ ഹിന്ദുക്കളുടെ ദേവസ്വം സ്വത്ത് കണ്ടുകെട്ടാനുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിയമമായ ”ഗുഠി ബില്‍” ശക്തമായ ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന് പാര്‍ലമെന്റ് പിന്‍വലിച്ചു. സര്‍ക്കാരിനെതിരെ കഴിഞ്ഞ രണ്ടുമാസക്കാലമായി ശക്തമായ പ്രക്ഷോഭമായിരുന്നു നേപ്പാളില്‍ നടന്നത്.
നേപ്പാളിലെ ദേവസ്വം ഊരാണ്മയ്ക്ക് പറയുന്ന പേരാണ് ഗുഠി. ഗോഷ്ഠി അഥവാ സമ്മേളനം എന്നര്‍ത്ഥം വരുന്ന സംസ്കൃതപദത്തില്‍നിന്നാണ് ഗുഠി എന്ന വാക്കുണ്ടായത്. നേപ്പാളില്‍ ക്ഷേത്രസ്വത്തുക്കള്‍, മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയുടെയൊക്കെ സ്വത്തുക്കള്‍ സംരക്ഷിയ്ക്കാനുള്ള നാട്ടുക്കൂട്ടമാണ് ഗുഠി. നേവാര്‍ എന്നറിയപ്പെടുന്ന പരമ്പരാഗത വംശജരാണ് കൂടുതല്‍ ഗുഠികളിലേയും അംഗങ്ങളെങ്കിലും എല്ലാ ജാതിയിലും വിഭാഗങ്ങളിലും ഉള്‍പ്പെട്ട ഹിന്ദുക്കള്‍ ഈ നാട്ടുക്കൂട്ടത്തില്‍ അംഗങ്ങളായിരിക്കും. ശ്രീബുദ്ധന്റെ കാലഘടത്തിന് മുന്‍പ് പോലും ഈ സംവിധാനമാണ് ക്ഷേത്രസ്വത്തുക്കളുടെ ഊരാണ്മ നിയന്ത്രിച്ചിരുന്നതെന്നതിനു തെളിവുകളുണ്ടെന്ന് ചരിത്രകാരന്മാര് പറയുന്നു.
ഗുഠികള്ക്ക് ക്ഷേത്രങ്ങളിലും ഹൈന്ദവ സ്ഥാപനങ്ങളിലും അതിലെ സ്വത്തുക്കളിന്മേലുമുള്ള അവകാശങ്ങള്‍ എടുത്തുകളയാനായാണ് നേപ്പാളിലെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് ഗുഠി ബില്‍ കൊണ്ടുവരാനായി ശ്രമിച്ചതെന്നാണ് ക്ഷേത്ര സംഘടനകള്‍ വ്യക്തമാക്കുന്നത്. അതുവഴി ക്ഷേത്രസ്വത്തുക്കള്‍ നിയന്ത്രിയ്ക്കാനുള്ള സാഹചര്യമുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും സംഘടകള്‍ പറയുന്നു.
ഗുഠികള്ക്കുള്ള നിയമസാധുത ഇല്ലാതാക്കി ക്ഷേത്രഭരണം ഗവണ്മെന്റിലേക്കാനും അതുവഴി ക്ഷേത്രസ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തന്ത്രമായാണ് ഇത് ജനങ്ങള്‍ മനസ്സിലാക്കിയത്.
ഇതേ തുടര്‍ന്ന് നേപ്പാളിന്റെ ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത വന്‍ പ്രക്ഷോഭമാണ് ആ ബില്ലിനെതിരേ നടന്നത്. പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തിയും, പരമ്പരാഗത ക്ഷേത്രകലകള്‍ അവതരിപ്പിച്ചും ജനങ്ങള്‍ തെരുവുകളില്‍ നിറഞ്ഞു. സാധാരണ പ്രക്ഷോഭങ്ങളെപ്പോലെയല്ല പകരം ശാന്തമായും പ്രാര്ത്ഥനാനിര്ഭരമായുമായിരുന്നു സമരമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തെരുവുകളില്‍ ക്ഷേത്ര ഉത്സവം നടക്കുകയാണെന്ന് തോന്നുമെന്ന് പാശ്ചാത്യമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭത്തിനായി എത്തിയവര്‍ ഉപയോഗിച്ച ചപ്പുചവറുകള്‍ കൃത്യമായി സേവാപ്രവര്‍ത്തകര്‍ നീക്കം ചെയ്തതും ശ്രദ്ധേയമായ വസ്തുതയായി മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നു.
ദേവസ്വം സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ഗവണ്മെന്റും റിയല്‍ എസ്റ്റേറ്റ് മാഫിയയും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ബില്‍ എന്ന് നേപ്പോളി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സനാതന ഹിന്ദുധര്‍മ്മത്തെ ഇല്ലാതാക്കാന്‍ ഓ ഇ ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റുകാരുടെ ശ്രമങ്ങളാണിതെല്ലാം എന്നാണ് പ്രക്ഷോഭകാരികളെ ഉദ്ധരിച്ച് നേപ്പാള്‍ ദേശീയമാദ്ധ്യമങ്ങള്‍ പറയുന്നത്. രണ്ട് മാസത്തോളം നീണ്ടുനിന്ന വിവിധ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ നേപ്പാള്‍ ഗവണ്മെന്റ് ഗുഠി ബില്‍ ഉപേക്ഷിയ്ക്കാന്‍ ഇന്നലെ തീരുമാനമെടുക്കുകയായിരുന്നു.
Discussion about this post