പാമ്പു പിടുത്തം നിര്‍ത്തുന്നതിന്റെ കാരണം വെളിപ്പെടുത്തി പാമ്പുകളുടെ തോഴനായ വാവ സുരേഷ്.തന്നെ വളരെ മോശമായി ചിലര്‍ ചിത്രീകരിക്കുന്നതില്‍ മനോവിഷമം ഉണ്ടെന്നും, അതിനാല്‍ പാമ്പു പിടുത്തം അവസാനിപ്പിക്കാന്‍ തന്നെയാണ് തീരുമാനമെന്നും വാവാ സുരേഷ് പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ പ്രതികരണത്തിലാണ് വാവാ സുരേഷിന്റെ വാക്കുകള്‍.
ശരിക്കും എനിക്ക് ഈ തൊഴിലില്‍ നിന്ന് വിട്ടുമാറണമെന്ന് ആഗ്രഹമുണ്ട്. അത് സോഷ്യല്‍ മീഡിയയിലും മറ്റും എന്നെ മോശമായി ചിത്രീകരിക്കുന്നത് കാരണമാണ്. പിന്മാറാന് തന്നെയാണ് തീരുമാനം. അതില്‍ സംശയമൊന്നുമില്ല. പാമ്പിനെ പിടിക്കുന്ന മേഖലയിലുള്ളവര്‍ തന്നെയാണ് എനിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നും വാവാ സുരേഷ് പറയുന്നു.ഞാന്‍ പാമ്പിനെ പിടിക്കാന്‍ പാടില്ല, ഉമ്മ വയ്ക്കാന്‍ പാടില്ല, കയ്യില്‍ വച്ചുകൊണ്ട് ക്ലാസ് എടുക്കാന്‍ പാടില്ല, പ്രദര്‍ശിപ്പിക്കാന്‍ പാടില്ല തുടങ്ങിയ കമന്റുകളാണ് സോഷ്യല്‍ മീഡിയ വഴി ഉയര്‍ത്തുന്നത്. മാത്രമല്ല എന്റെ അച്ഛനെയും അമ്മയെയും ചേര്‍ത്ത് വരെ ചീത്ത വിളിച്ചുള്ള കമന്റുകളും ഉള്‍പ്പെടുന്നുണ്ട്. കുറച്ചുകാലങ്ങളായി തന്നെ മാനസികമായി ഞാന്‍ വല്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ടാണ് വിട്ടു നില്‍ക്കണമെന്ന് ആഗ്രഹിച്ചതെന്നും സുരേഷ് പറഞ്ഞു.
മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് എങ്ങോട്ടെങ്കിലും മാറി നില്‍ക്കാമെന്നാണ് കരുതിയത്. എന്നാല്‍ ഈ വാര്‍ത്ത പുറത്തു വന്നതോടെ അതിന് രക്ഷ ഇല്ലാതായിരിക്കുന്നു. ഇത് അറിഞ്ഞ് ജനങ്ങള്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ മാറണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷമായിട്ടുണ്ടാകും. പ്രളയകാലത്തടക്കം ഞാന്‍ ചെയ്ത കാര്യങ്ങളൊക്കെ ജനങ്ങള്‍ക്കറിയാം. കൃത്യമായി ഫീസോ ഒന്നും ഈടാക്കാതെയാണ് എന്റെ പ്രവര്‍ത്തനം. ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പലരും സര്‍വീസിങ് ചാര്‍ജ് ആണ് ആദ്യം പറയുക. പിന്നീടാണ് ജോലിക്കായി പോവുക. അപ്പോള്‍ ഞാന്‍ ഇതില്‍ നിന്നും വിട്ടു മാറി നില്ക്കുക എന്നത് അവരില്‍ ചിലരുടെ അത്യാവശ്യമാണ്.
ഇപ്പോള്‍ ഈ വാര്‍ത്ത പുറത്തു വന്നതിന് ശേഷം അവരില്‍ ചിലര്‍ വിളിച്ച് മാറി നില്‍ക്കരുത് എന്ന് പറഞ്ഞു. മനപൂര്‍വം പറഞ്ഞതല്ലെന്നും എന്നോട് ശത്രുത ഒന്നുമില്ലെന്നും എന്നെ ആള്ക്കാര് അനുകരിക്കുന്നതുകൊണ്ടാണ് അങ്ങനെ കമന്റുകള്‍ പറഞ്ഞതെന്നുമാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ ഗള്‍ഫ് മലയാളികള്‍ അടക്കം എന്നെ വിളിച്ച് സേവനം നിര്‍ത്തരുത് എന്ന് അപേക്ഷിക്കുന്നു. വളരെ കുറച്ചാളുകള്‍ നിര്‍ത്തുന്നത് നല്ലതാണെന്നും അറിയിച്ചു. ഇപ്പോള്‍ എന്ത് തീരുമാനിക്കണം എന്ന ആശയക്കുഴപ്പത്തിലാണ് ഞാന്‍. രണ്ട് ദിവസത്തിനകം കൃത്യമായ തീരുമാനമെടുക്കുമെന്നും വാവാ സുരേഷ് പറയുന്നു. ഇതൊരു കീഴടങ്ങലായിട്ടോ തോറ്റുകൊടുക്കലായിട്ടോ ആരും കാണേണ്ട എന്നും സുരേഷ് വ്യക്തമാക്കുന്നു.
ഉഗ്രവിഷമുള്ളതടക്കം അരലക്ഷത്തോളം പാമ്പുകളെയാണ് സുരേഷ് കേരളത്തില്‍ നിന്നും പിടിച്ചെടുത്തത്. പാമ്പിനോടുള്ള ജനങ്ങളുടെ ശത്രുതാ മനോഭാവം മാറ്റാന്‍ വാവാ സുരേഷിന് കഴിഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി പുരസ്ക്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Discussion about this post