ഇസ്തംബൂള്‍: സിന്‍ജിയാങില്‍ റമസാന്‍ വ്രതാനുഷ്ഠാനത്തിനും ആരാധനക്കും വിലക്കേര്‍പ്പെടുത്തിയ ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ തുര്‍ക്കിയില്‍ പ്രതിഷേധം. ഉയ്ഗൂര്‍ മുസ്ലിംകളെ അടിച്ചമര്‍ത്തുന്നതിനെ ചൊല്ലി ചൈനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് തുര്‍ക്കിയില്‍ നടക്കുന്നത്.
ചൈനയില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കെതിരെ നിരവധി ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചൈനയ്ക്കെതിരെ ഇസ്തംബൂളില്‍ ചൈനീസ് കോണ്‍സുലേറ്റിലേക്ക് നടന്ന പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
സിന്‍ജിയാങില്‍ മുസ്ലിംകളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ ചൈനീസ് പതാക കത്തിച്ചു. ഇസ്്തംബൂളിലെ ചൈനീസ് റെസ്റ്റോറന്റിനുനേരെയും ഒരു സംഘം ആളുകള്‍ ആക്രമണം നടത്തി. റെസ്റ്റോറന്റിന്റെ ജനലുകള്‍ അടിച്ചുതകര്‍ത്തു.
പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കാന്‍ ചൈനീസ് ഭരണകൂടം തങ്ങളുടെ പൗരന്മാര്ക്ക് നിര്‍ദേശം നല്കി. സിന്‍ജിയാങില്‍ അക്രമം ഭയന്ന് പലായനം ചെയ്യുന്ന ഉയ്ഗൂര്‍ മുസ്്ലിംകള്‍ക്ക് അഭയം നല്കാന് തുര്‍ക്കി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രശ്നത്തില്‍ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി തുര്‍ക്കി പ്രതിഷേധമറിയിക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.
എന്നാല്‍ തുര്‍ക്കി പറയുന്നതുപോലുള്ള വംശീയ പ്രശ്നങ്ങള്‍ സിന്‍ജിയാങില്‍ ഇല്ലെന്നാണ് ചൈനയുടെ വിശദീകരണം. ഉയ്ഗൂര്‍ മുസ്ലിംകള് ഭരണഘടന ഉറപ്പുനല്‍കുന്ന മതപരമായ സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ടെന്നും സമാധാനപരമായ ജീവിതമാണ് അവര്‍ നയിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്ചിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Discussion about this post