മാതൃഭൂമി ദിനപത്രത്തിന്റെ ഉടമകളുടെ ഭൂമി എസ്ബിഐ ഏറ്റെടുത്തു. കോടികള്‍ വായ്പാ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് മാതൃഭൂമി ഉടമകളായ പി വി ചന്ദ്രന്റെയും പി വി ഗംഗാധരന്റെയും ഭൂമി ബാങ്ക് ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം പത്രപരസ്യത്തിലൂടെയാണ് ഈ വിവരം ബാങ്ക് പുറത്തുവിട്ടത്.
മൂന്ന് കോടി 86 ലക്ഷം രൂപയാണ് വായ്പാ കുടിശ്ശിക. വായ്പാതുക, പലിശ, മറ്റ് ചെലവുകള്‍ അടക്കം തിരിച്ച് അടയ്ക്കാനാവശ്യപ്പെട്ട് 2018 മെയ് രണ്ടിന് കെടിസി കാര്‍സ് പ്രൈവറ്റ് ലിമിറ്റഡിനും ജാമ്യക്കാര്‍ക്കും എസ്ബിഐയുടെ എറണാകുളം എം ജി റോഡിലെ സ്ട്രെസ്സ്ഡ് അസറ്റ്സ് റിക്കവറി ശാഖയില്‍ നിന്ന് നോട്ടീസ് നല്കി.
എന്നാല്‍ പണം തിരിച്ച് അടയ്ക്കാതെ വന്നതോടെ കെടിസി കാര്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ കൂടിയായ ഇവരുടെ പന്നിയങ്കരയിലുള്ള 53 സെന്റ് സ്ഥലം ഈ മാസം 24ന് ബാങ്ക് ഏറ്റെടുക്കുകയായിരുന്നു. പി വി ചന്ദ്രന്റെ മകന് പി വി നിധീഷാണ് കെടിസി കാര്‍സ് മാനേജിങ് ഡയറക്ടര്‍. പി വി ചന്ദ്രന്, പി വി ഗംഗാധരന്, ഭാവന നിധീഷ്, പി വി കുമാരി, കമലം എന്നിവര്‍ ഡയറക്ടര്‍മാരാണ്. ഇവരുടെ പേരിലുള്ള ഭൂമി ഈടായി നല്‍കിയാണ് വായ്പയെടുത്തത്.
മാതൃഭൂമി ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററാണ് പി വി ചന്ദ്രന്. പി വി ഗംഗാധരന് ഡയറക്ടറും പി വി നിധീഷ് ജോയന്റ് മാനേജിങ് എഡിറ്ററുമാണ്.
Discussion about this post