ബെംഗളൂരു :ബംഗളൂരുവില്‍ തേരുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ വിമത എംഎല്‍എമാര്‍ക്കൊപ്പം 8 എംഎല്‍എമാര്‍ കൂടി പങ്കെടുക്കാത്തത് കോണ്‍ഗ്രസ് തകര്‍ച്ചയ്ക്ക് ആക്കം
കൂട്ടി. നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിപ്പ് എംഎല്‍എമാരുടെ വീടുകളില്‍ ഇന്നലെ വൈകിട്ട് എത്തിച്ചിരുന്നു. വിപ്പ് ലംഘിച്ചാല്‍ വിമതരെ അയോഗ്യരാക്കുകയാണു ലക്ഷ്യം. എന്നാല്‍ ഇവരെ കൂടാതെ 8 എംഎല്‍എമാര്‍ കൂടി യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ആറ് പേര് യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല.
അടുത്ത ആഴ്ചയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് ബിജെപി വ്യക്തമാക്കി. 107 എംഎല്‍എമാരുടെ പിന്തുണ ബിജെപിയ്ക്ക് ഉണ്ട്. ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിജെപി നേതാവ് ശോഭാ കരന്തലജെ പറഞ്ഞു.
നിയമസഭാംഗത്വം രാജിവച്ചത് വ്യക്തിപരമായ കാരണങ്ങളാലല്ലെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സംഘടിത നീക്കമായിരുന്നു എന്നുമാകും അയോഗ്യതയ്ക്കായി കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന വാദങ്ങള്‍. വിമതര്‍ ഒന്നിച്ചു രാജി നല്കിയതും വാര്‍ത്താസമ്മേളനം നടത്തിയതും തെളിവായി അവതരിപ്പിക്കും.
അയോഗ്യത വന്നാല്‍ മന്ത്രിസ്ഥാനമടക്കമുള്ള പദവികള്‍ വഹിക്കാന്‍ കഴിയില്ല എന്നതിനാല്‍ വിമതര്‍ ഔദ്യോഗിക പക്ഷത്തേക്ക് തിരിച്ചെത്തുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ.
ഏത് സ്ഥാനം ആവശ്യപ്പെട്ടാലും അത് നല്‍കുമെന്ന നേതൃത്വത്തിന്റെ വാഗ്ദാനത്തെ അവഗണിച്ച് വിമത എംഎല്‍എമാര്‍ മുന്നോട്ട് പോകുന്നതോടെ കര്‍ണാടകത്തില്‍ കുമാരസ്വാമി മന്ത്രിസഭ തകരുമെന്ന് ഉറപ്പായി. വിമത എംഎല്‍എമാരെ മന്ത്രിമാരാക്കി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനായി കോണ്‍ഗ്രസ്ജെഡിഎസ് മന്ത്രിമാര്‍ ഒന്നടങ്കം രാജിവച്ച് അവസാന അടവും പയറ്റിനോക്കിയെങ്കിലും മുംബൈയിലേക്ക് മുങ്ങിയ വിമതര്‍ ആരും തിരിച്ചെത്തിയില്ല. ഇവരെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ മുംബൈയിലേക്ക് പോയെങ്കിലും അവരെ കാണാനായിരുന്നില്ല.
ഇതിനിടെ കെ.സി വേണുഗോപാലിനെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ അച്ചടക്കനടപടി നേരിട്ട റോഷന് ബെയ്ഗും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഒരു മാസം മുമ്പ് മന്ത്രിമാരായ രണ്ട് സ്വതന്ത്രര്‍ കൂടി ബിജെപി പക്ഷത്തേക്ക് ചാഞ്ഞതോടെ പ്രതിപക്ഷത്ത് 107 പേരുടെ പിന്തുണയായി. ബിജെപിക്ക് തനിച്ച് 105 എംപിമാരുണ്ട്. ഭരണപക്ഷത്തെ അംഗബലം 104 ആയി ചുരുങ്ങി. 224 അംഗസഭയില്‍ 13 വിമതരെ മാറ്റിനിര്‍ത്തിയാല്‍ 211 പേരാകും. പുതിയ സാഹചര്യത്തില്‍ 106 പേരുടെ പിന്തുണയുണ്ടെങ്കില്‍ കേവല ഭൂരിപക്ഷമാകും. ഇതോടെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാഹചര്യമൊരുങ്ങും.
രാവിലത്തെ യോഗത്തിന് എത്താത്ത എംഎല്‍എമാരെ കോണ്‍ഗ്രസും ജെഡിഎസും അയോഗര്യാക്കാന്‍ സ്പീക്കര്‍ കത്ത് നല്‍കും. സ്പീക്കര്‍ ഈ ശുപാര്‍ശ അംഗീകരിച്ചാല്‍ അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് മന്ത്രിസ്ഥാനം അടക്കമുള്ള പദവികള്‍ വഹിക്കാന്‍ കഴിയില്ല. ഇതില്‍ സ്പീക്കറുടെ നിലപാടാകും നിര്‍ണായകമാകുക.
Discussion about this post