ഔദ്യോഗിക ആവശ്യത്തിനുള്ള കംപ്യൂട്ടർ, മൊബൈൽഫോൺ തുടങ്ങിയവ വഴി സോഷ്യൽമീഡിയ ഉപയോഗിക്കുന്നതിനു സർക്കാരുദ്യോഗസ്ഥർക്കു നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം .
ഉദ്യോഗസ്ഥർ, കരാർ ജീവനക്കാർ തുടങ്ങി ആരുംതന്നെ ഔദ്യോഗികവിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കരുതെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ 24 പേജുള്ള കുറിപ്പിൽ പറയുന്നു. സുരക്ഷാവീഴ്ച പ്രതിരോധിക്കാനും സർക്കാരിന്റെ വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് നടപടി.
സർക്കാർ വെബ്സൈറ്റുകളിൽ നുഴഞ്ഞുകയറി രഹസ്യവിവരങ്ങൾ ചോർത്തിയെടുക്കാൻ വിദേശത്തുനിന്നു ദിവസേന ശരാശരി 30 ശ്രമങ്ങൾ ഉണ്ടാവുന്നുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഔദ്യോഗിക ജോലികൾക്കു വീട്ടിലെ വൈ-ഫൈ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും കുറിപ്പിലുണ്ട്. ഒട്ടേറെ ഉദ്യോഗസ്ഥർ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നുണ്ടെന്നും കംപ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകളുള്ള വെബ്സൈറ്റുകളിൽ അറിയാതെ പ്രവേശിക്കുന്നുണ്ടെന്നും മന്ത്രാലയം പറയുന്നു.
ഉദ്യോഗസ്ഥർക്കുള്ള നിർദേശങ്ങൾ ഇതൊക്കെയാണ്:
- ഗൂഗിൾഡ്രൈവ് പോലുള്ള സ്വകാര്യ സേവനങ്ങളിൽ സർക്കാരിന്റെ രഹസ്യവിവരങ്ങൾ സൂക്ഷിക്കരുത്. വിവരങ്ങൾ നഷ്ടപ്പെട്ടാൽ നിയമനടപടിക്കു വിധേയരാകേണ്ടി വരും.
- പെൻഡ്രൈവ്, സി.ഡി. പോലുള്ള സംഭരണ ഉപകരണങ്ങളിലേക്ക് രഹസ്യസ്വഭാവമുള്ള വിവരങ്ങൾ പകർത്തുമ്പോൾ അവ കോഡുഭാഷയിലേക്കു മാറ്റണം.
- സ്ഥാപനം അനുവദിച്ചിട്ടുള്ള സംഭരണ ഉപകരണങ്ങളിൽ മാത്രമേ ഇത്തരം വിവരങ്ങൾ ശേഖരിച്ചുവെക്കാവൂ.
- അനുമതിയില്ലാതെ ഇത്തരം ഉപകരണങ്ങൾ ഓഫീസിനു പുറത്തേക്കു കൊണ്ടുപോകരുത്.
- രഹസ്യവിവരങ്ങൾ ഇ-മെയിലായി അയയ്ക്കരുത്.
- ഔദ്യോഗിക ഇ-മെയിൽ അക്കൗണ്ടുകൾക്ക് പൊതു വൈ-ഫൈ വഴി ഉപയോഗിക്കരുത്.
Discussion about this post