ഹിന്ദു സംസ്കൃതിയെതകര്ത്തെറിയാനുള്ള എതിര്‍ശക്തികളുടെ നീക്കങ്ങള്‍ക്ക് മേല്‍ നേടിയ വലിയ വിജയമായിരുന്നു രാമായണമാസാചരണ ആഹ്വാനവും അതിന്റെ വിജയകരമായ ആവിഷ്ക്കാരവും. ആചാരലംഘനത്തിനായി നടക്കുന്ന മുറവിളികളെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി ചെറുക്കുന്ന ഈ സമയത്ത് അന്നത്തെ ഹിന്ദുമഹാസമ്മേളനവും, രാമായണ മാസാചരണത്തിനുള്ള ആഹ്വാനവും ഉള്‍പ്പെടുന്ന ചരിത്രം ഏറെ പ്രസക്തമാണ്.
1930 കളില്‍ കേരളത്തില്‍ മുഴങ്ങിയ രാമായണം കത്തിക്കുക എന്ന ആഹ്വാനത്തില്‍ നിന്നും രാമായണമാസത്തിലേക്കുളള മാറ്റം ഹിന്ദു സമൂഹത്തിന്റെ ഉണര്‍വ്വിന്റെ കൂടി ചരിത്രമാണ്. രാമായണവും മഹാഭാരതവും ചുട്ടെരിക്കുക, ക്ഷേത്രങ്ങള്‍ തട്ടിനിരത്തി കപ്പവെക്കുക എന്ന കമ്മ്യൂണിസ്റ്റ് നീക്കത്തിനെതിരായ ചെറുത്തു നില്പിന്റെ മഹാവിജയം കൂടിയാണ് അത്.
1982 ല്‍ ഏപ്രില്‍ 4,5 തിയ്യതികളില്‍ എറണാകുളത്ത് നടന്ന വിശാലഹിന്ദുസമ്മേളനത്തിലാണ് രാമായണമാസം ആചരണം പ്രഖ്യാപിക്കപ്പെട്ടത്. സ്വാമി ചിന്മയാനന്ദന്, സ്വാമി വിശ്വേശതീര്‍ത്ഥ, ഡോ.കരണ്‍സിംഗ്, ആര്. എസ്. എസ്. സര്‍കാര്യവാഹ് രജുഭയ്യ തുടങ്ങിയവര്‍ പങ്കെടുത്ത വിശാലഹിന്ദു സമ്മേളനം ഹൈന്ദവ സമൂഹത്തിന് നല്കിയ ഊര്‍ജ്ജം വലുതാണ്.
1982 ജൂണ്‍ 6 ന് എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ എ.ആര്.ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിശാലഹിന്ദു സമ്മേളന നിര്‍വ്വാഹക സമിതി യോഗത്തിലാണ് കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്. ശ്രീനാരായണ ഗുരുദേവന്, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജയന്തി ദിനങ്ങള്‍ ആചാര്യ ത്രയം എന്ന രീതിയില്‍ സമാഘോഷിക്കാനും യോഗം തീരുമാനിച്ചു. അതുവരെ നിലവിളക്കു വെട്ടത്തില്‍ മുത്തശ്ശിമാര്‍ ഒരു ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം ഗ്രാമനഗരഭേദമെന്യേ പൊതുവേദികളില്‍ വായിക്കാന്‍ തുടങ്ങി. ക്ഷേത്രങ്ങളില്‍ പൊതുവേദികളില്‍ രാമായണ വായന ആരംഭിച്ചു. ് രാമായണദര്ശനത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന വിദ്വല്‍ സദസ്സുകള്‍ ആരംഭിച്ചു. സെമിനാറുകളും വിചാരസദസുകളും രാമായണ പ്രഭാഷണപരമ്പരകളും ആരംഭിച്ചു.
അത്ര എളുപ്പമായിരുന്നില്ല രാമായണ മാസചരണത്തിലേക്കുള്ള പാത. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പുരോഗമന കലാസാഹിത്യസംഘവും രാമായണമാസാചരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തുവന്നു. രാമായണമല്ല രാവണായനമാണ് വേണ്ടതെന്ന ആഹ്വാനവും ശ്രീരാമനെയും സീതയെയും രാമായണത്തെയും പുച്ഛിച്ചുകൊണ്ടും എഴുത്തും പ്രഭാഷണവും നടന്നു. തിരുനല്ലൂര്‍കരുണാകരന്‍ മുതല്‍ ഇഎംഎസ് വരെ എതിര്‍പ്പുമായി രംഗത്തെത്തി. സിപിഎം താഴേതട്ട് മുതല്‍ പ്രചരണവും പ്രവര്‍ത്തനവും തുടങ്ങി.
‘ശ്രീരാമന് രാജ്യം ഭരിച്ചിരുന്ന രാമരാജ്യത്തില്‍ ഒരു ശുദ്രന് തപസുചെയ്തു. വിവരമറിഞ്ഞ വിശ്വാമിത്രന് ശുദ്രന് തപസുചെയ്യുന്നത് അധര്മ്മമാണെന്ന് ശ്രീരാമനെ അറിയിച്ചു. രാമന് ആ ശുദ്ധാത്മാവിന്റെ കഴുത്തു വെട്ടി. രാമരാജ്യം പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം’ -. 1982 ജൂലൈ 25 തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സെന്ററില്‍ ചേര്‍ന്ന പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് തിരുനെല്ലൂര്‍ കരുണാകരന് പറഞ്ഞ വാക്കുകളാണ് ഇത്.
‘ഈ കൃതികള്‍ (രാമായണവും മഹാഭാരതവും) കേരള ജനതയുടെ പുരോഗതി തടസ്സപ്പെടുത്തുന്ന ഒരുവീക്ഷണഗതിയാണ് സാധാരണക്കാരുടെ മനസില്‍ ഉണര്‍ത്തിവിട്ടത് എന്ന് തീര്‍ച്ചയാണ്. രാമായണത്തിലും മഹാഭാരതത്തിലും ആവിഷ്കരിക്കപ്പെട്ടിട്ടുള്ള മതപരമായ വേലിക്കെട്ടുകള്‍ തകര്‍ത്തു മുന്നേറിയാലല്ലാതെ കേരളീയ ജനതയ്ക്ക് സ്വയം പരിഷ്കരിക്കാനും മനുഷ്യസമൂഹത്തിന്റെ പുതിയ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സാഹിത്യവും സംസ്കാരവും വികസിപ്പിച്ചെടുക്കാനും സാധ്യമല്ല.-‘ ഇഎംഎസ് നമ്പൂതിരിപ്പാട് മാര്‍ക്സിസവും മലയാള സാഹിത്യവും എന്ന പുസ്തകത്തില്‍ എഴുതി
എന്നാല്‍ ഇടത്വാദങ്ങളുടെ മുനയൊടിച്ച് എതിര്‍പക്ഷവും രംഗത്തെത്തി. പി.പരമേശ്വര്‍ജിയും പി. മാധവ്ജിയും പോലുള്ള ധൈഷണികരായിരുന്നു വിശ്വാസികളുടെ പക്ഷത്ത്. കേരളം ഒറ്റക്കെട്ടായി ഇവര്‍ക്കൊപ്പം നിന്നതിന്റെ വിജയഗാഥയാണ് ഇന്ന് രാമായണമാസാചരണത്തിന് ലഭിക്കുന്ന അംഗീകാരം. ഇന്ന് ഇടതുപക്ഷ സംഘടനകള്‍ വരെ രാമായണമാസാചരണം ആഘോഷിക്കുമ്പോള്‍ അത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം വലിയ വിജയം തന്നെയാണ്.
രാമായണമാസാചരണത്തെ ആദ്യം എതിര്‍ത്ത ഇഎംഎസ് അടക്കമുള്ളവര്‍ ഒരു വര്‍ഷം കഴിയുമ്പോഴേക്കും അടവുമാറ്റിയിരുന്നു. രാമായണം പോലെയുള്ള ക്ലാസിക് കൃതികള്‍ ഇന്ത്യന്‍ ജനതയുടെ പൊതുസ്വത്താണെന്നായിരുന്നു ഇഎംഎസിന്റെ തിരുത്ത്. ഒരു കാര്യവിചാരവുമില്ലാതെ മാര്‍ക്സിസ്റ്റ് വിമര്‍ശകര്‍ അത്തരം കൃതികളെ വിമര്‍ശിച്ചത് പ്രാകൃതമായ മാര്‍ക്സിസമാണെന്നും നമ്പൂതിരിപ്പാടു പറഞ്ഞു. രാഷ്ട്രീയ കാപട്യം നിലപാട് മാറ്റത്തിന് കാരണമായി എന്ന പരിഹാസം അന്ന് തന്നെ ഇഎംഎസ് ഏറ്റുവാങ്ങി.
എന്നാല്‍ ഇടത്പക്ഷ എഴുത്തുകാരടങ്ങുന്ന സമൂഹം രാമായണമാസാചരണത്തെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുന്ന പതിവ് തുടര്‍ന്നു വന്നു. നേരിട്ടുള്ള എതിര്‍പ്പുകള്‍ രാഷ്ട്രീയ തിരിച്ചടിയാവുമെന്ന തിരിച്ചറിവുണ്ടായതോടെയാണ് ഇത്. രാമായണത്തെ എതിര്‍ക്കുന്ന സംവാദങ്ങള്‍ രാമായണമാസങ്ങളില്‍ പോലും സംഘടിപ്പിച്ച് ഇടത് സഹയാത്രികരായ എഴുത്തുകാരും സംഘടനകളും സജീവമായി. രാമായണത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ പിന്നെയും തുടര്‍ന്നു. രാമ രാവണയുദ്ധത്തെ വംശീയ ഏറ്റമുട്ടലായി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ പലപ്പോഴായി ആവര്‍ത്തിച്ചു. ഇതിന് രാഷ്ട്രീയമാനങ്ങള്‍ നല്‍കാനുള്ള ശ്രമവും ആരംഭിച്ചു. രാമായണമാസാചരണം സംഘപരിവാര്‍ അജണ്ടയാണെന്ന വാദവും ഉയര്‍ത്തി. എന്നാല്‍ കേരളം രാമായണമാസാചരണം ഹൃദയപൂര്‍വ്വം ഏറ്റെടുത്തതോടെ വിമര്‍ശനങ്ങളുടെ മുനയൊടിഞ്ഞു.
ഹിന്ദു സംസ്കൃതിയെ തകര്‍ത്തെറിയാനുള്ള എതിര്‍ശക്തികളുടെ നീക്കങ്ങള്‍ക്ക് മേല്‍ നേടിയ വലിയ വിജയമായിരുന്നു രാമായണമാസാചരണ ആഹ്വാനവും അതിന്റെ വിജയകരമായ ആവിഷ്ക്കാരവും. ആചാരലംഘനത്തിനായി നടക്കുന്ന മുറവിളികളെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി ചെറുക്കുന്ന ഈ സമയത്ത് അന്നത്തെ ഹിന്ദുമഹാസമ്മേളനവും, രാമായണ മാസാചരണത്തിനുള്ള ആഹ്വാനവും ഉള്‍പ്പെടുന്ന ചരിത്രം ഏറെ പ്രസക്തമാണ്.
കടപ്പാട്-ജന്മഭൂമി
Discussion about this post