ആലത്തൂരിലെ കോണ്‍ഗ്രസ് എംപി രമ്യ ഹരിദാസിന് കാറ് വാങ്ങി നല്കാന് പിരിവുമായി തെരുവിലിറങ്ങി യൂത്ത് കോണ്‍ഗ്രസ്. ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇതിനായി സംഭാവന കൂപ്പണ്‍ പുറത്ത് ഇറക്കിയിരിക്കുന്നത്.
ആയിരം രൂപയുടെ കൂപ്പണ്‍ അച്ചടിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ മുഖേനയാണ് പണപ്പിരിവ് നടത്തുന്നത്. 25നുള്ളില്‍ പണം നല്‍കാനാണ് നിര്‍ദേശം. ഓരോ മണ്ഡലം കമ്മിറ്റിക്കും രണ്ട് ലക്ഷംരൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എംപിയെന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവന്‍സും രമ്യയ്ക്ക് ലഭിക്കും. എന്നിട്ടും എന്തിനാണ് പാവങ്ങളെ പിഴിഞ്ഞ് പണപിരിക്കുന്നതെന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്നത്.
എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ പരിവുകാര്‍ തയാറായിട്ടില്ല. എംപിയെന്ന നിലയില്‍ സെക്രട്ടറി, സ്റ്റാഫ്, ഓഫീസ് അലവന്‍സ് എന്നിവ വേറെയുമുണ്ട്. വിമാന, ട്രെയിന്‍യാത്ര സൗജന്യമാണ്. പാര്‍ലമെന്റ് കൂടുമ്പോള്‍ ബത്തയും ലഭിക്കും. എംപിക്ക് അപേക്ഷിച്ചാലുടന്‍ ഈടില്ലാതെ ദേശസാല്‍ക്കൃത ബാങ്കുകള്‍ വാഹനവായ്പ നല്കാന് നിര്‍ദേശമുണ്ട്. എന്നിട്ടും പിരിവ് നടത്തി 14 ലക്ഷം വില വരുന്ന വാഹനം വാങ്ങുന്നതിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്.
അതേസമയം ഇത് കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്ന് മാത്രമുള്ള പിരിവാണെന്നും പുറത്തുനിന്നുള്ളവരില്‍ നിന്ന്പണംപ്പിരിക്കുന്നില്ലെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് കമ്മിറ്റിയുടെ ന്യായീകരണം.
Discussion about this post