എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ ഉപവാസ സമരം അവസാനിപ്പിച്ചു. വൈദികർ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സഭാ നേതൃത്വം വ്യക്തമാക്കിയതോടെയാണ് ഉപവാസ സമരം അവസാനിപ്പിച്ചത്. താൽക്കാലികമായാണ് സമരം അവസാനിപ്പിച്ചതെന്നും വൈദികർ പറഞ്ഞു.
ഉപവാസം നടത്തിയ വൈദികരുമായി സഭാ നേതൃത്വം ചർച്ച നടത്തിയിരുന്നു. വൈദികരുടെ പരാതികളിൽ ഇടപെടാമെന്ന് സ്ഥിരം സിനഡിലെ അംഗങ്ങൾ അറിയിച്ചു. സഹായമെത്രാന്മാരെ മാറ്റിയത് സിനഡിൽ ചർച്ച ചെയ്യാനും തീരുമാനമായി.
വ്യാജരേഖ കേസിലെ പരാതിയിൽ ഇടപെടാനും തീരുമാനിച്ചിട്ടുണ്ട്. പൂർണ സിനഡ് അടുത്ത മാസം ചേരും. എറണാകുളം അങ്കമാലി അതിരൂപതയിൽ അസാധാരണ സാഹചര്യം ഉടലെടുത്തതോടെയാണ് സ്ഥിരം സിനഡ് സമവായ ചർച്ച നടത്തിയത്.വ്യാജരേഖാക്കേസ് പിൻവലിക്കണം, മാർ ജോർജ് ആലഞ്ചേരി ഭരണച്ചുമതല ഒഴിയണം തുടങ്ങിയ കാര്യങ്ങളായിരുന്നു സമരം ചെയ്ത വൈദികർ പ്രധാനമായും ഉന്നയിച്ചത്.
Discussion about this post