ലോട്ടറി രാജാവായി അറിയപ്പെടുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.119.60 കോടി രൂപയോളം വരുന്ന സ്വത്തുക്കളാണ് ലോട്ടറി അഴിമതിയുമായി ബന്ധപ്പെട്ട് മരവിപ്പിച്ചത്.
61 ഫ്ലാറ്റുകള്‍, 82 ഇടത്തെ ഭൂസ്വത്ത്, ആറിടത്തെ കെട്ടിടങ്ങളോടുകൂടിയ ഭൂസ്വത്ത് എന്നിവയാണു കണ്ടുകെട്ടിയത്. ഇതേ കേസുമായി ബന്ധപ്പെട്ട് 138.5 കോടി രൂപ മൂല്യമുള്ള ആസ്തികള്‍ നേരത്തേ കണ്ടുകെട്ടിയിരുന്നു.
വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, ലോട്ടറി റെഗുലേഷന് ആക്ടിന്റെ ചട്ടങ്ങള്‍ ലംഘിക്കല്‍ എന്നിവയില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ സിബിഐയും, ആന്റി കറപ്ഷന്‍ ബ്യൂറോയും ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണമാരംഭിച്ച് നടപടിയെടുത്തതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ലോട്ടറി റെഗുലേഷന് ആക്ട് 1998ലെ ചട്ടങ്ങള്‍ ലംഘിക്കാന്‍ ഗൂഡാലോചന നടത്തുകയും, സിക്കിം സര്‍ക്കാരിനെ കബളിപ്പിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സാന്റിയാഗോ മാര്ട്ടിന് കരാര്‍ ഉണ്ടാക്കിയെന്നുമാണ് എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. 910 കോടി രൂപയുടെ ലാഭം ഇതിലൂടെ സാന്റിയാഗോ മാര്‍ട്ടിനും സംഘത്തിനുമുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post