പരം വീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്ര. പാകിസ്ഥാൻ സൈനികർ പോലും ഷേർഷ എന്ന് രഹസ്യമായി സംബോധന ചെയ്ത കാർഗിൽ യുദ്ധ വീരൻ ക്യാപ്റ്റൻ വിക്രം ബത്രയുടെ സ്മരണ പുതുക്കി രാജ്യം.
ഹിമാചൽ പ്രദേശിലെ പാലമ്പുരിൽ ജനിച്ച വിക്രം ബത്ര ജമ്മു കശ്മീർ റൈഫിൾസ് 13ലെ സൈനികനായിരുന്നു. കാർഗിൽ യുദ്ധവീരനെന്ന് പിൽക്കാലത്ത് അറിയപ്പെട്ട അദ്ദേഹം കശ്മീരിലെ ഏറ്റവും കാഠിന്യമേറിയ സൈനിക നീക്കം നടത്തിയ യോദ്ധാവായിരുന്നു.
സമുദ്രനിരപ്പിൽ നിന്നും പതിനേഴായിരം അടി ഉയരെ പീക്ക് 5140 തിരിച്ചുപിടിക്കലായിരുന്നു കാർഗിൽ യുദ്ധത്തിലെ അദ്ദേഹത്തിന്റെ പ്രഥമ ദൗത്യം. യുദ്ധത്തിൽ ബത്രയ്ക്ക് മാരകമായി പരിക്കേറ്റുവെങ്കിലും നേർക്ക് നേർ പോരാട്ടത്തിൽ മൂന്ന് ശത്രുക്കളെ അദ്ദേഹം വകവരുത്തി ലക്ഷ്യം പിടിച്ചടക്കി. തുടർന്ന് 1999 ജൂലൈ ഏഴാം തീയതി പീക്ക് 4875 പിടിച്ചടക്കാനുള്ള ദൗത്യം അദ്ദേഹം ഏറ്റെടുത്തു. യുദ്ധത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി തന്റെ പിതാവിനെ ഫോണിൽ വിളിച്ച് അദ്ദേഹം ഇപ്രകാരം പറഞ്ഞു: ‘ഒന്നുകിൽ ത്രിവർണ്ണ പതാക ഉയർത്തിയ ശേഷം, അതല്ലെങ്കിൽ ത്രിവർണ്ണ പതാകയാൽ പൊതിയപ്പെട്ട്,രണ്ടായാലും ഞാൻ മടങ്ങി വരിക തന്നെ ചെയ്യും…’
കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേന നേരിട്ട ഏറ്റവും ദുഷ്കരമായ ദൗത്യമായിരുന്നു അത്. പതിനാറായിരം അടി മുകളിലിരിക്കുന്ന പാക് സൈന്യത്തെ തുരത്താൻ ഇന്ത്യൻ സൈനികർക്ക് കുത്തനെയുള്ള കയറ്റം കയറേണ്ടി വന്നു. കയറ്റം കയറുന്നതിനിടെ ബത്രയുടെ സഹപ്രവർത്തകന് മാരകമായി മുറിവേറ്റു. അദ്ദേഹത്തെ രക്ഷിക്കാൻ ബത്ര തയ്യാറായി. നിങ്ങളെ വീട്ടിൽ കുട്ടികൾ കാത്തിരിക്കുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി കയറ്റം തുടർന്ന ബത്ര പക്ഷേ ശത്രുക്കളെ തുരത്തുകയും ഒടുവിൽ മരിച്ചു വീഴുകയും ചെയ്തു. ‘‘ ജയ് മാതാ ദി’’ ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ.
കാർഗിൽ യുദ്ധവിജയാനന്തരം രാഷ്ട്രം അദ്ദേഹത്തെ പരംവീര ചക്രം നൽകി ആദരിച്ചു.
Discussion about this post