നൂറോ അതിലധികമോ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ജില്ലകളില്‍ പ്രത്യേക കോടതികള്‍ വേണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണു നടപടി.
രാജ്യത്ത് ഈ വര്‍ഷം ജൂണ്‍ മുപ്പത് വരെ റജിസ്റ്റര്‍ ചെയ്തത് 24212 പോക്സോ കേസുകള്‍. തീര്‍പ്പുണ്ടായത് തൊള്ളായിരത്തി പതിനൊന്ന് കേസുകളില്‍. അതായത് നാലു ശതമാനം മാത്രം. ഈ ഞെട്ടിക്കുന്ന കണക്കുകളുടെ പശ്ചാത്തലത്തിലാണ് സുപ്രീംകോടതിയുടെ കടുത്ത ഉത്തരവ്.അതേസമയം കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത ആയിരത്തി പന്ത്രണ്ട് കേസുകളില്‍ ഒരെണ്ണം മാത്രമാണ് തീര്‍പ്പാക്കിയതെന്നും സുപ്രീംകോടതിയുടെ ശേഖരിച്ച കണക്കുകള്‍ പറയുന്നു.
രണ്ടു മാസത്തിനകം കോടതികള്‍ സ്ഥാപിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്. കേസുകള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ച പ്രോസിക്യൂട്ടര്‍മാരെ കോടതികളില്‍ നിയമിക്കണമെന്നും സമയബന്ധിതമായി ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നിര്‍ദേശങ്ങള്‍ നടപ്പാക്കിയെന്നതിന്റെ പുരോഗതി റിപ്പോര്‍ട്ട് 30 ദിവസത്തിനകം നല്കാന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടു ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post