തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം തട്ടി മാദ്ധ്യമ പ്രവർത്തകൻ മരിച്ച വിഷയത്തിൽ വിവാദങ്ങൾ കൊഴുക്കുകയാണ്. ഈ സാഹചര്യത്തിൽ സാധാരണക്കാരൻ ഉന്നയിക്കുന്ന സ്വാഭാവികമായ ഒരു ചോദ്യമിതാണ്. ’കുടിച്ച മദ്യം ശരീരത്തിൽ എത്ര നേരം നിലനിൽക്കും?‘
കുടിക്കുന്ന മദ്യം ഒരു വ്യക്തിയുടെ ശരീരത്തിൽ നിലനിൽക്കുന്നത് വിവിധ ഘടകങ്ങളെ ആശ്രയിച്ചാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. വ്യക്തിയുടെ പ്രായം, ഭാരം, ഒഴിഞ്ഞ വയറിൽ കുടിക്കുന്ന മദ്യം, ആരോഗ്യസ്ഥിതി, കരളിന്റെ ക്ഷമത, കുറഞ്ഞ സമയത്തിനുള്ളിൽ കുടിക്കുന്ന മദ്യത്തിന്റെ അളവ് എന്നിവയൊക്കെ ഇതിന്റ മാനദണ്ഡങ്ങളാണ്.
എത്രത്തോളം മദ്യപിച്ചിട്ടുണ്ടെങ്കിലും സമയം കൂടുന്തോറും രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുകയും ക്രമേണ തീരെ ഇല്ലാതാവുകയും ചെയ്യും.
നിശ്വാസത്തിൽ കൂടിയും വിയർപ്പിൽ കൂടിയും മൂത്രത്തിൽ കൂടിയും മദ്യം ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടും. അവശേഷിക്കുന്ന മദ്യത്തിന്റെ രാസഘടനയെ ചൂടും ഊർജ്ജവുമായി പുറന്തള്ളുന്ന ശ്രമകരമായ ജോലി കരളിന്റേതാണ്. മദ്യപിച്ചാൽ നിർജ്ജലീകരണം സംഭവിച്ച് കലശലായ ദാഹം അനുഭവപ്പെടുന്നതിന്റെ കാരണം ഇതാണ്. കടുത്ത മദ്യപാനികൾ കരൾ രോഗികളായി മാറുന്നതും ഇത് മൂലമാണ്.
ശരാശരി 68 കിലോഗ്രാം തൂക്കമുള്ള ഒരു വ്യക്തി ഒരു തവണ കുടിക്കുന്ന മദ്യം ഒരു മണിക്കൂറിനുള്ളിൽ ശരീരം പുറന്തള്ളുമെന്ന് പഠനങ്ങൽ വ്യക്തമാക്കുന്നു. കഴിക്കുന്ന മദ്യത്തിന്റെ അളവ് ഇവിടെ പ്രധനമാണ്. ഒരു ഡെസിലിറ്ററിലെ 20 മില്ലിഗ്രാം ആൽക്കഹോൾ ഇത്തരത്തിൽ പുറന്തള്ളപ്പെടും. എന്നാൽ 40 മില്ലിഗ്രം ആണെങ്കിൽ 2 മണിക്കൂർ സമയം വേണ്ടി വരും. സ്വാഭാവിക ശാരീരിക പ്രവർത്തനങ്ങൾക്ക് പുറമെയുള്ള പുറന്തള്ളലിന്റെ കണക്കാണ് ഇത്.
കുറച്ച് സമയത്തിനുള്ളിൽ കൂടുതൽ മദ്യപിച്ചിട്ടുണ്ടെങ്കിൽ രക്തത്തിൽ മദ്യത്തിന്റെ അളവ് കൂടുതൽ സമയം നിലനിൽക്കും. എന്നാൽ സമയം കഴിയുന്തോറും ഇത് കുറഞ്ഞ് വരുമെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
അതു കൊണ്ട് തന്നെ ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തിൽ സാധാരണ പരിശോധനകളിലൂടെ മദ്യത്തിന്റെ അംശം കണ്ടെത്താൻ പ്രയാസമായേക്കാം. കൃത്യസമയത്ത് പരിശോധന നടത്താത്തത് തിരിച്ചടിയാകാൻ സാദ്ധ്യതയുണ്ട്. കൂടുതൽ ശാസ്ത്രീയമായ പരിശോധനകൾ അദ്ദേഹത്തിന്റെ കാര്യത്തിൽ വേണ്ടി വന്നേക്കാമെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
Discussion about this post