ആലപ്പുഴ ചേര്‍ത്തലയില്‍ ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികളില്‍ നിന്ന് ലോക്കല്‍ കമ്മറ്റിയംഗം പണം പിരിച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം. ഇതെല്ലാം ഒറ്റപ്പെട്ട സംഭവമാണെന്നും സിപിഎമ്മിനെതിരായി ഉപയോഗിക്കുകയാണെന്നും സിപിഎം നേതാവ് പി.പി ചിത്തരഞ്ജന് പറഞ്ഞു.
ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ നിന്നാണ് ഓമനക്കുട്ടന് എന്ന സിപിഎം പ്രാദേശിക നേതാവ് പരസ്യമായി പണം പിരിച്ചത്. ഗോഡൗണില്‍ നിന്ന് സാധനങ്ങള്‍ എത്തിക്കാനുള്ള ചിലവ് എന്ന പേരിലാണ് ഇയാള്‍ പിരിവ് നടത്തുന്നത്. പ്രളയത്തില്‍ നിന്ന് കയ്യില്‍ കിട്ടിയതെല്ലാം പെറുക്കിയെടുത്ത് രക്ഷപ്പെട്ടവരില്‍ നിന്ന് പണം പിരിച്ച നേതാവിന്റെ ദൃശ്യങ്ങള്‍ ക്യാമ്പിനകത്ത് തന്നെ ഉണ്ടായിരുന്ന ചിലരാണ് മൊബൈലില്‍ പകര്‍ത്തി പുറത്ത് വിട്ടത്.
ഇത്തരം നടപടികള്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സിപിഎം ഇതിന്റെ പേരില്‍ പാര്‍ട്ടിയെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു. സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തിലല്ലെന്നും പിപി ചിത്തരഞ്ജന് പറഞ്ഞു.
ഇതിനിടെ ജില്ലയില്‍ തന്നെ പലയിടത്തും ഇത്തരം പിരിവുകള്‍ നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
Discussion about this post