ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അറസ്റ്റില്‍. സൗത്ത് ഈസ്റ്റ് ദില്ലി ഗോവിന്ദ്പുരി പൊലീസാണ് വ്യാഴാഴ്ച ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തത്. തുഗ്ലക്കാബാദിലെ രവിദാസ് ക്ഷേത്രം പൊളിക്കുന്നതിനെതിരെ ഭീം ആര്‍മി നടത്തിയ സമരത്തില്‍ പൊലീസുമായി ഏറ്റുമുണ്ടായതിനെ തുടര്‍ന്നാണ് അറസ്റ്റ്. ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തെന്ന് ദില്ലി സൗത്ത് ഈസ്റ്റ് ഡിസിപി ഗ്യാനേഷ് കുമാര്‍ സ്ഥിരീകരിച്ചു.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് രവിദാസ് ക്ഷേത്രം പൊളിക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചത്. എന്നാല്‍, പൊലീസ് നടപടിക്കെതിരെ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഭീം ആര്‍മി സമരവുമായി രംഗത്തെത്തി. തുടര്‍ന്ന് പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
നീലത്തൊപ്പി ധരിച്ചും പതാക ഉയര്‍ത്തിയുമായിരുന്നു പ്രതിഷേധക്കാര്‍ ഝന്തേവാലനിലെ അംബേദ്കര്‍ ഭവനില്‍ നിന്നും രാംലീല മൈതാനത്തേക്ക് നടന്നു തുടങ്ങിയത്. പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ ജയ് ഭീം വിളിച്ചുകൊണ്ടായിരുന്നു നടന്നു നീങ്ങിയത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ദളിതര്‍ക്കു കൈമാറണമെന്നും ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ദല്‍ഹിയിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാജേന്ദ്ര പാല് ഗൗതമും ദളിത് സമുദായത്തില്‍ നിന്നുള്ള ആത്മീയ നേതാക്കളും പ്രക്ഷോഭത്തില്‍ അണിചേര്‍ന്നിരുന്നു. സുപ്രീം കോടതി ഉത്തരവിനെതിരെയല്ല മറിച്ച് ദളിത് സമുദായത്തോട് കാട്ടിയ അനീതിയ്ക്കെതിരെയാണ് ഈ പോരാട്ടമെന്നാണ് ഗൗതം പറഞ്ഞത്.
Discussion about this post