ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ണായക ഇന്ത്യാ സന്ദര്‍ശനം സെപ്റ്റംബര്‍ ആദ്യവാരം നടക്കും. പ്രതിരോധം, കൃഷി, ജല ശുദ്ധീകരണം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി വിവധ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇതില്‍ പ്രധാനമായും പ്രതിരോധ രംഗത്തെ കരാറുകളായിരിക്കും. ഇസ്രായേലില്‍ നിന്ന് വ്യോമാക്രമണങ്ങളെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്ട്രോള് സിസ്റ്റ(അവാക്സ്)ത്തിന്റെ രണ്ട് യൂണിറ്റുകള്‍ വാങ്ങാനുള്ള കരാറാണ് ഇതിലൊന്ന്. വ്യോമാക്രമണത്തിന് ഉപയോഗിക്കുന്ന എയര്‍ ടു എയര്‍ മിസൈലായ ഡെര്‍ബിയുടെ പരിഷ്കരിച്ച പതിപ്പ് വാങ്ങാനുള്ളതാണ് മറ്റൊന്ന്.
ഇന്ത്യയുടെ പക്കല്‍ നിലവില്‍ അഞ്ച് അവാക്സ് സംവിധാനമാണ് ഉള്ളത്. റഷ്യന്‍ നിര്‍മിത എ-50, ഇസ്രായേലിന്റെ ഫാല്‍കണ്‍ എന്നിവയാണ് അവ. ഇതിനൊപ്പമാണ് രണ്ടെണ്ണം കൂടി വാങ്ങാനൊരുങ്ങുന്നത്. 200 കോടി ഡോളറിന്റേതാണ് ഇടപാട്.
ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ ഫെബ്രുവരി 27 ന് പാകിസ്ഥാന് നടത്തിയ വ്യോമാക്രമണ നീക്കത്തില്‍ പാക് വ്യോമസേന 70 കിലോമീറ്റര്‍ പരിധിയുള്ള എ.ഐ.എം 120 സി മിസൈല്‍ പ്രയോഗിച്ചിരുന്നു. സമാനമായി ഇന്ത്യയുടെ പക്കലുള്ള മിസൈലിന് അത്രയും പ്രഹര പരിധിയില്ല. 70 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള ഡെര്‍ബി മിസൈല്‍ വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. സുഖോയ് 30എം.കെ.ഐ വിമാനത്തില്‍ ഘടിപ്പിക്കാനായാണ് ഇവ വാങ്ങുന്നത്.
അതേസമയം നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന്റെ തിയതി നിശ്ചയിക്കപ്പെട്ടിട്ടില്ല. സെപ്റ്റംബര്‍ ഏഴ്, എട്ട് ദിവസങ്ങളിലായിരിക്കും സന്ദര്‍ശനമെന്നും റിപ്പോട്ടുണ്ട്.
Discussion about this post