മഞ്ജുദാസ്
ആരാണ് മരിദാസ്? ഇന്ത്യമുഴുവന്‍ ഇന്നലെ തിരഞ്ഞ ചോദ്യമാണത്. ട്വിറ്ററില്‍ #ISupportMaridhas എന്ന ഹാഷ്ടാഗ് ഇന്ത്യ മുഴുവന്‍ ട്രെന്റ് ചെയ്തപ്പോഴാണ് എല്ലാവരും ഇതാരാണെന്ന് തിരക്കാനൊരുങ്ങിയത്.
തമിഴ്നാട്ടില്‍ ഡി എം കെ മരിദാസിനെതിരേ പോലീസില്‍ പരാതിനല്‍കിയപ്പോഴാണ് എല്ലാവരും ഇതാരാണെന്ന് തിരക്കിത്തുടങ്ങിയത്.
തമിഴ്നാട്ടില്‍ മധുരൈയില്‍ നിന്നുള്ള ഒരു കോളേജ് അദ്ധ്യാപകനാണ് മരിദാസ്. എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തരബിരുദമെടുത്ത മരിദാസ് സാമൂഹ്യമാദ്ധ്യമങ്ങള്‍ ഫലപ്രദമായുപയോഗിച്ച് രാഷ്ട്രീയ നിരീക്ഷണങ്ങള്‍ നടത്തുന്നതുവഴിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. തമിഴ്നാട്ടിലെ സകല രാഷ്ട്രീയ സമവാക്യങ്ങള്‍ക്കുമപ്പുറം നിന്നുകൊണ്ട് സകല എതിര്‍പ്പിനേയും എതിരിട്ടുകൊണ്ട് മരിദാസ് ഒരു ഒറ്റയാള്‍പ്പോരാട്ടം നടത്തുകയാണ്. ഇന്ത്യന്‍ ദേശീയതയേയും സാംസ്കാരികപാരമ്പര്യത്തേയും ഉയര്‍ത്തിപ്പിടിയ്ക്കുക എന്നതാണാ ഒറ്റയാള്‍പ്പോരാട്ടം.
തമിഴ്നാട്ടില്‍ അതത്ര എളുപ്പമല്ല. എല്ലാവശത്തുനിന്നും മരിദാസിനെതിരേ എന്നും ആക്രമണമായിരുന്നു. തമിഴ്നാടിനെ കപടസിദ്ധാന്തങ്ങളാല് പിരിച്ചുനിര്ത്തി അവനവന് കൂടില്‍ തളച്ചിടുന്ന ദ്രാവിഡവാദമെന്ന വൈദേശിക ഇറക്കുമതിയെ അതിശക്തമായി പൊളിച്ചെഴുതുന്നതില്‍ മരിദാസിന്റെ ഇടപെടലുകള്‍ നിര്‍ണ്ണായകമാണ്. മരിദാസിന്റെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച കുറിയ്ക്കുകൊള്ളുന്ന വീഡിയോകളും വിശകലനങ്ങളും ഫെയിസ്ബുക്കിലൂടേയും ബ്ലോഗുകളിലൂടെയും പ്രസിദ്ധീകരിയ്ക്കുന്ന ലേഖനങ്ങളും ലക്ഷക്കണക്കിനാള്‍ക്കാരാണ് പിന്തുടരുന്നത്.
മറ്റുള്ളവരെപ്പോലെ വാചാടോപങ്ങള്‍ നിരത്തി സ്ഥിരം ‘അമ്മമാരേ തായ്കുലമേ’ എന്ന രീതിയിലെ വൈകാരികഭീഷണിയല്ല മരിദാസിന്റേത്. കൃത്യവും യുക്തിഭദ്രവുമയ വാദങ്ങളും കൃത്യമായ കണക്കുകളും നിരത്തിയാണ് മരിദാസ് തന്റെ വാദങ്ങള്‍ അവതരിപ്പിയ്ക്കുന്നത്. അതുകൊണ്ടുതന്നെ യുവജനങ്ങള്‍ക്കിടയിലും വിദ്യാ!ര്ത്ഥികള്ക്കിടയിലും മരിദാസിന്റെ ആരാധകരേറെയാണ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്നണിയിലല്ല മരിദാസ് നില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങളേയും വികസനസംസ്കാരത്തേയും അനുകൂലിയ്ക്കുന്ന മരിദാസ് അതേസമയം രജനീകാന്തിന്റേയും നിലപാടുകളെ അനുകൂലിയ്ക്കുന്നുണ്ട്. എന്തുകൊണ്ട് താന്‍ നരേന്ദ്രമോദിയെ അനുകൂലിയ്ക്കുന്നു എന്നൊരു പുസ്തകവും എഴുതിയിട്ടുണ്ട്.
കാശ്മീരിനു അമിതാധികാരം നല്‍കിയിരുന്ന ഭരണഘടനയിലെ 370ആം അനുച്ഛേദത്തെ റദ്ദു ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ എതിര്‍ത്ത ഡി എം കെ പാകിസ്ഥാന് സ്വാധീനത്തിലാണോ അത് ചെയ്തതെന്ന് ചോദിച്ചതാണ് ഡി എം കെയെ ചൊടിപ്പിച്ചത്. പാകിസ്ഥാന് എന്താണോ പറയുന്നത് അത് തന്നെയാണ് ഡി എം കെയും പറയുന്നതെന്നായിരുന്നു മരിദാസിന്റെ വീഡിയോയിലുള്ളത്.
കാശ്മീര്‍ മുസ്ലിം സംസ്ഥാനമാണെന്നും കാശ്മീരിനെ അനുകൂലിയ്ക്കുന്ന ഡി എം കെയ്ക്കെതിരേ പറയുന്നത് മുസ്ലീങ്ങളെ ആക്ഷേപിക്കുന്നതുമാണെന്ന വിചിത്രവാദമാണ് ഡി എം കെയുടെ ഓര്‍ഗനൈസേഷണല്‍ സെക്രട്ടറി ആര് എം ഭാരതി ചെന്നൈ പോലീസ് കമ്മീഷണറിനു നല്‍കിയിരിയ്ക്കുന്ന പരാതിയിലുള്ളത്. മരിദാസിന്റെ യുട്യൂബ് ഫെയിസ്ബുക്ക് ചാനലുകള്‍ പൂട്ടിക്കെട്ടണമെന്നും പരാതിയിലുണ്ട്. ഇന്ത്യന്‍ നിയമത്തിലെ സെക്ഷന്‍ 505 പ്രകാരം കേസെടുക്കണം എന്നാണ് ഡി എം കെ പരാതിയില്‍ പറഞ്ഞിരിയ്ക്കുന്നത്. പരാതിയുടേ പകര്‍പ്പ് അവര്‍ ഡി എം കെയുടെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
നൂറുകണക്കിനു ഹിന്ദു സാമൂഹ്യപ്രവര്‍ത്തകരെയാണ് കഴിഞ്ഞ കാലങ്ങളായി തമിഴ്നാട്ടില്‍ കൊലപ്പെടുത്തിയിരിയ്ക്കുന്നത്. മരിദാസിനും ഭീഷണികള്‍ കുറവല്ല. പ്രശസ്തനായിപ്പോയതുകൊണ്ട് മാത്രമാണ് നേരിട്ടുള്ള ആക്രമണത്തിന് അധികമാരും മുതിരാത്തത്. തന്നെ കൊന്നാലും പറയാനുള്ളത് പറഞ്ഞുതന്നെ നില്‍ക്കുമെന്ന് മരിദാസ് ഉറപ്പിച്ചുപറഞ്ഞിട്ടുമുണ്ട്.
ഹൈന്ദവികതയുടെ ഉറവിടമായ വേദങ്ങളുരുവം കൊണ്ട തമിഴിന്റെയുള്ളില് ഉണ്മയുടെ ഉയിരായി ബാക്കിയുള്ള അവസാന തുരുത്തുകളിലൊന്നാണ് മരിദാസ്. ആ തുരുത്തുകൂടിയില്ലാതെയായാല് തമിഴനെ മാത്രമല്ല, തമിഴിനേയും തമിഴ്നാടിനേയും റാഞ്ചിപ്പറക്കാന്‍ അനേകം ചതിയന്‍ പ്രാപ്പിടിയര് ആ നാട്ടിനുമുകളില് വട്ടമിട്ടുപറക്കുന്നുണ്ട്. സുബ്രഹ്മണ്യഭാരതി വന്ദേമാതരമെഴുതി ഭാരതസമുദായം വാഴ്കെന്നു കുറിച്ച തമിഴ്മണ്ണിലെ ഈ ശക്തനായ ദേശീയവാദിയ്ക്ക്, ഈ ഒറ്റയാള്പ്പോരാളിയ്ക്ക് ഭാരതം മുഴുവനും നിന്ന് പിന്തുണ ശക്തമാവുകയാണ്.
#ISupportMaridhas
Discussion about this post