ലഡാക്ക്: കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിച്ച് മുന്നേറുന്നു. ലഡാക്കിനെ വീണ്ടും ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം ഉടൻ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി പ്രഹ്ളാദ് പട്ടേൽ അറിയിച്ചു. മേഖലയിലെ ടൂറിസം വികസനത്തിന് ഊന്നൽ നൽകുന്നതിന് വേണ്ടി ലേയിൽ ഉടൻ ടൂറിസം ഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ അവഗണിക്കപ്പെട്ടു കിടന്ന ലഡാക്കിന് പുത്തൻ പ്രതീക്ഷയാണ് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം. സെപ്റ്റംബർ ആദ്യ വാരം ടൂറിസം ഡിപ്പാർട്മെന്റ് ലഡാക്കിലേക്ക് മാറ്റും. പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് ലഡാക്കിലെ ടൂറിസം വികസനത്തിനായുള്ള ബൃഹത് പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഉടൻ ടൂറിസ്റ്റ് ഗൈഡുകളെ നിയമിക്കും. ലഡാക്കിൽ ഉടൻ ഒരു മ്യൂസിയം സ്ഥാപിക്കും. ഭാഷയുടെ പ്രശ്നമില്ലാതെ വിദേശ സഞ്ചാരികൾക്ക് തങ്ങളുടെ സഞ്ചാരം ആസ്വാദ്യകരമാക്കാൻ സാധിക്കും. ഒപ്പം പ്രദേശത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിലും വരുമാനവും ലഭിക്കും.
കശ്മീരിന്റെ ടൂറിസം സാദ്ധ്യത നേരത്തെ തന്നെ അംഗീകരിക്കപ്പെട്ടതാണ്. എന്നാൽ സഞ്ചാരികൾക്ക് പുത്തൻ അനുഭൂതി പകരുന്ന തരത്തിലായിരിക്കും ലഡാക്കിൽ ടൂറിസം പദ്ധതികൾ നടപ്പിലാക്കപ്പെടുക. ടൂറിസം മേഖലയിലെ സുസ്ഥിരമായ വളർച്ച പ്രദേശത്തെ സമൃദ്ധിയിലേക്കും വികസനത്തിലേക്കും നയിക്കും. കേന്ദ്ര ടൂറിസം- സാംസ്കാരിക വകുപ്പ് മന്ത്രി പ്രഹ്ളാദ് പട്ടേൽ വ്യക്തമാക്കി.
മേഖലയിൽ തൊഴിൽ രംഗത്തും സാമ്പത്തിക രംഗത്തും പുത്തനുണർവ്വിന് കേന്ദ്രസർക്കാരിന്റെ ഈ നടപടികൾ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ലഡാക്കിന്റെ വികസനത്തിന് എല്ലാ പരിഗണനകളും നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അറിയിച്ചിരുന്നു
Discussion about this post