ഡല്‍ഹി ; ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു)യില്‍ വിദ്യാര്‍ഥി യൂണിയന് തെരഞ്ഞെടുപ്പ് സെപ്തംബര്‍ ആറിന് നടക്കും. കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. ഇടതുസംഘടനകളുടെ കുത്തകയായിരുന്ന ജെഎന്‍യു പിടിക്കാനുള്ള ഒരുക്കത്തിലാണ് ഇത്തവണ ബിജെപി. മറുവശത്തുള്ള എല്ലാ സംഘടനകളും ഒരുമിച്ച് മറുനിരയില്‍ നിരന്നാലും അതിനെ മറികടക്കാനാവുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍. ശക്തമായ പാനലാണ് എബിവിപി ഇത്തവണ അണിനിരത്തുന്നത്.
മനീഷ് ജാന്‍ഗിഡ് ആണ് എബിവിപിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി. ജനറല്‍ സെക്രട്ടറിയായി ശബരീഷ് പിഎയും മത്സരിക്കുന്നു. ശ്രുതി അഗ്നിഹോത്രി ( വൈസ് പ്രസിഡണ്ട്) സുമന്താ കുമാര്‍ സാഹു ( ജോയിന്റെ സെക്രട്ടറി) എന്നിവരും അണി നിരക്കുന്നു.
ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്ന ശബരീഷ് പിഎ കേരളവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. കേരളത്തിലും കര്‍ണാടകത്തിലുമായാണ് ശബരീഷ് പഠനം പൂര്‍ത്തിയാക്കിയത്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജ്, എസ്ആര്‍വി സ്ക്കൂള്, കൊച്ചി സെവന്ത് ഡേ അഡ്വെന്റിസ്റ്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്, നേവല്‍ പബ്ലിക് സ്ക്കൂള് എന്നിവിടങ്ങളിലായിരുന്നു പഠനം. ജെഎന്‍യുവില്‍ സയന്‍സ് പോളിസിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്.തമിഴ്നാട്ടിലെ തെലുങ്കു സംസാരിക്കുന്ന കുടുബത്തില്‍ ജനിച്ച ശബരീഷിന് ഇംഗ്ലീഷ് , ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നി ഭാഷകളില്‍ പരിജ്ഞാനമുണ്ട്.
എസ്എഫ്ഐ, എഐഎസ്എ, എഐഎസ്എഫ്, ഡിഎസ്എഫ് സംഘടനകള്‍ സഖ്യമായി മത്സരിച്ചാണ് കഴിഞ്ഞ തവണ സര്‍വ്വകലാശാല യൂണിയന് ഭരണം നിലനിര്‍ത്തിയത് എന്നാല്‍ ഇത്തവണ എബിവിപി സഖ്യത്തിനെതിരെ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്എസ്യുഐ, ബിഎപിഎസ്എ തുടങ്ങിയ സംഘടനകളും മത്സരരംഗത്തുണ്ട്.
ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഒയ്ഷി ഘോഷ് (എസ്എഫ്ഐ), വൈസ് പ്രസിഡന്റായി സാകേത് മൂണ്‍ (ഡിഎസ്എഫ്), ജനറല്‍ സെക്രട്ടറിയായി സതീഷ് ചന്ദ്രയാദവ് (എഐഎസ്എ), ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് ഡാനിഷ്. (എഐഎസ്എഫ്) എന്നിവരാണ് മത്സരിക്കുന്നത്.
എബിവിപി ക്യാമ്പസില്‍ ശക്തമായതിന് പിറകെ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ഐസയുമായി ചേര്‍ന്നാണ് എസ്എഫ്ഐ തെരഞ്ഞടുപ്പിനെ നേരിടുന്നത്. എന്നാല്‍ ഇത്തവണ ഈ സഖ്യത്തെ മറികടക്കാനാകുമെന്നാണ് എബിവിപി പ്രത്യാശ പ്രകടിപ്പിക്കുന്നത്.
43 കൗണ്‍സിലര്‍മാരെയാണ് ഇത്തവണ തെരഞ്ഞെടുക്കേണ്ടത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് ഭരണഘടനയില്‍ ഭേദഗതി വരുത്തിയാണ് 31ല്‍നിന്ന് കൗണ്‍സിലര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചത്. സ്കൂള്‍ ഓഫ് സാന്‍സ്ക്രിറ്റ് ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസ്, സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്, സ്പെഷ്യല്‍ സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിന്, സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ഏസ്തെറ്റിക്സ് എന്നിവിടങ്ങളില്‍നിന്നാണ് ഈ അധിക കൗണ്‍സിലര്‍മാരെ തെരഞ്ഞെടുക്കുക. സെപ്തംബര്‍ നാലിന് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് നടക്കും. എട്ടിനാണ് ഫലം പ്രഖ്യാപിക്കുക.
Discussion about this post