ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന വിശ്വാസ്യത വീണ്ടെടുക്കണമെങ്കില്‍ സമീപകാലത്തെ നിയമങ്ങളെക്കുറിച്ചെങ്കിലും കാര്യക്ഷമമമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ക്രമക്കേട് കേസിലെ നാലാം പ്രതി ഡി.സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കോടതി സഫീറിന് മുന്‍കൂര്‍ ജാമ്യം നല്‍കിയില്ല. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ പത്തുദിവസത്തിനകം പ്രതി അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ കീഴടങ്ങണമെന്നും ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍ നിര്‍ദേശിച്ചു.
യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസിലെ പ്രതികള്‍ പിഎസ് സി റാങ്ക് പട്ടികയില്‍ ഉണ്ടെന്നു കൂടി കണ്ടെത്തിയതോടെ കേരളത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയലുണ്ടായിരുന്ന വിശ്വാസമാണ് നഷ്ടമായത്.
കുത്തുകേസിലെ പ്രതികളായ ആര്.ശിവരഞ്ജിത്ത്, എ.എന്‍.നസീം, പ്രണവ് എന്നിവര്ക്ക്ഹര്ജിക്കാരനായ ഡി.സഫീറും കൂട്ടുപ്രതിയും മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളായി ഉത്തരങ്ങള്‍ അയച്ചുകൊടുത്തുവെന്നാണ് കേസ്. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് രണ്ടാം റാങ്കുമാണ് ലഭിച്ചത്. മൂന്നാം പ്രതിക്ക് 28ാം റാങ്കും കിട്ടി.
അനര്‍ഹര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്നും അര്‍ഹരായവര്‍ക്ക് തന്നെയാണ് സര്‍ക്കാര്‍ജോലി ലഭിക്കുന്നതെന്നും ഉറപ്പുവരുത്തേണ്ടത് പി.എസ്.സി.യുടെ ഉത്തരവാദിത്തമാണെന്നും ഇക്കാര്യത്തില്‍ ഉടന്‍ നടപടി വേണമെന്നും ജസ്റ്റിസ് സുധീന്ദ്രകുമാര്‍ പറഞ്ഞു.
Discussion about this post