വിരമിച്ച നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം വാഗ്ദാനം ചെയ്ത പാക്കിസ്ഥാന്റെ നടപടി ഇന്ത്യ അംഗീകരിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പാക്കിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ജാദവിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിന്യായത്തിനും സംസ്ഥാന നിയമങ്ങൾക്കും അനുസൃതമായി നയതന്ത്ര സഹായം സാധ്യമാകുമെന്ന് പാക്കിസ്ഥാൻ വിദേശ കാര്യ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു. തിങ്കളാഴ്ചയാണ് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കുൽഭൂഷണെ കാണാമെന്ന് പാക്കിസ്ഥാൻ അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യ ജാദവിലേക്ക് നയതന്ത്ര സഹായം ആവശ്യപ്പെട്ടെങ്കിലും പ്രവേശനം തടയുകയായിരുന്നു. ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനം ഐസിജെ നൽകി.
2016 മാർച്ചിൽ ചാരവൃത്തി എന്ന വ്യാജ ആരോപണത്തിലൂടെയാണ് പാക് സുരക്ഷാ സേനകൾ കുൽഭൂഷൺ ജാദവിനെ ബലൂചിസ്ഥാനിൽ നിന്നും പിടിച്ചു കൊണ്ട് പോയത്. കുൽഭൂഷണ് നിയമസഹായം നൽകാൻ അനുവദിക്കണമെന്ന് ഇന്ത്യ പല തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാകിസ്ഥാൻ നിരസിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യയുടെ ആവശ്യപ്രകാരം വിഷയത്തിൽ ഇടപെട്ട അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്ഥാന്റെ പ്രവൃത്തി വിയന്ന കരാറിന്റെ ലംഘനമാണെന്ന് വിധിച്ചിരുന്നു. കുൽഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും പാകിസ്ഥാനോട് ആവശ്യപെട്ടിരുന്നു.
തുടർന്ന് കഴിഞ്ഞ ജൂലൈ മാസത്തിൽ പാകിസ്ഥാൻ കുൽഭൂഷണിന് നയതന്ത്ര സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പാക് അധികൃതരുടെയും ക്യാമറകളുടെയും സാന്നിദ്ധ്യത്തിലുള്ള കൂടിക്കാഴ്ച പ്രഹസനമാകുമെന്ന് വ്യക്തമാക്കിയ ഇന്ത്യ വാഗ്ദാനം നിരസിച്ചിരുന്നു. അവിശ്വാസത്തിന്റെ അന്തരീക്ഷത്തിലുള്ള നയതന്ത്ര സഹായം ഇന്ത്യ നിരാകരിച്ചിരുന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കുകയും, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത നടപടികളെ തുടർന്നുളള ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയിലാണ് പാകിസ്ഥാൻ വാഗ്ദാനം എന്നത് ശ്രദ്ധേയമാണ്.
Discussion about this post