എഴുപത്തിമൂന്ന് വയസ്സുള്ള സ്ത്രീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് എഴുപത്തിമൂന്ന് വയസ്സുള്ള മാംഗയമ്മ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഐവിഎഫ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാംഗയമ്മ ഗര്‍ഭം ധരിച്ചത്.
ഈസ്റ്റ് ഗോദാവരി ജില്ലയിലെ ദ്രക്ഷാരാമം എന്ന സ്ഥലത്തുനിന്നുള്ള മാംഗയമ്മ 1962ല്‍ വിവാഹിതയായെങ്കിലും കുട്ടികളുണ്ടായില്ല. അന്പത്തേഴ് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം അനപത്യദുഃഖം സഹിക്കാതെയായപ്പോഴാണ് അവസാനം ഐ വി എഫ് സാങ്കേതികവിദ്യയെക്കുറിച്ചറിഞ്ഞ് അത് പരീക്ഷിയ്ക്കാന്‍ മാംഗയമ്മ തീരുമാനിച്ചത്.
ശരീരത്തിനു പുറത്തുവച്ച് പുരുഷ ബീജത്തേയും അണ്ഡത്തേയും സംയോജിപ്പിച്ച് ഭ്രൂണമാക്കിയ ശേഷം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിയ്ക്കുന്ന സാങ്കേതികവിദ്യയാണ് ഐ വി എഫ്. ടെസ്റ്റ് ട്യൂബ് കുട്ടികള്‍ എന്നും ഇങ്ങനെ ജനിയ്ക്കുന്ന കുഞ്ഞുങ്ങളെ വിശേഷിപ്പിക്കാറുണ്ട്. ഇന്‍ വിട്രോ ഫെര്‍ടിലൈസേഷന്‍ (ശരീരത്തിനു പുറത്തുവച്ചുള്ള ഗര്‍ഭധാരണം) എന്നാണ് ഇതിന്റെ പൂര്‍ണ്ണനാമം.
പ്രായമായതു കാരണം പ്രത്യേക ഹോര്‍മോണ്‍ ചികിത്സ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നടത്തി ശരീരത്തെ ഗര്‍ഭധാരണത്തിനു വേണ്ടി പാകപ്പെടുത്തിയശേഷമാണ് ഡോക്ടര്‍മാര്‍ ഐ വി എഫ് ചെയ്തത്. ഗര്‍ഭകാലം മുഴുവന്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍.
അമ്മയും കുഞ്ഞുങ്ങളും സുഖമായിരിയ്ക്കുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post