ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍-2 ദൗത്യത്തെ അഭിനന്ദിച്ച് വിദേശ ഗവേഷകരും ശാസ്ത്രജ്ഞരും രംഗത്തെത്തി. നാസ ഉള്‍പ്പടെയുളള ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരും ഇന്ത്യന്‍ ദൗത്യത്തെ വിജയമെന്ന് വിലയിരുത്തി. പദ്ധതി 95 ശതമാനം വിജയമാണെന്നും അതിനാല്‍ തന്നെ ഈ ദൗത്യത്തെ ഒരിക്കലും പരാജയമായി കണക്കാക്കാനാകില്ലെന്നുമാണ് പൊതുവെയുള്ള പ്രതികരണം.
ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത് തിരിച്ചടിയായെങ്കിലും ഓര്‍ബിറ്റര്‍ ഭ്രമണപഥത്തിലുള്ളത് പ്രധാനപ്പെട്ടതാണ്. ദൗത്യത്തിന്റെ 70ശതമാനവും ഓര്‍ബിറ്റിലാണ് ഉളളത്. ഓര്‍ബിറ്ററുമായുള്ള ആശയവിനിമയം തുടരുന്നതിനാല്‍ ചാന്ദ്രരഹസ്യങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇസ്രോയ്ക്ക് ലഭിക്കും. ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ സുരക്ഷിതമാണെന്നും ചന്ദ്രനു ചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഐ എസ് ആര് ഒ ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടു പ്രതികരിച്ചു. 2,379 കിലോ ഭാരമുള്ള ഓര്‍ബിറ്ററിന്റെ ആയുസ് ഒരുവര്‍ഷമാണ്.ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നിങ്ങനെ മൂന്നുഭാഗങ്ങളാണ് ചന്ദ്രയാന്‍ രണ്ടിനുള്ളത്. ജൂലൈ 22ന് ഉച്ചയ്ക്ക് ശേഷം 2.43നാണ് ബാഹുബലി എന്ന വിളിപ്പേരുള്ള ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്കറ്റില്‍ ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്നത്.
ഇസ്റോയിലെ ശാസ്ത്രജ്ഞന്മാരെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിനന്ദിച്ചു. ഇസ്റോയെ കുറിച്ച് രാജ്യം അഭിമാനിക്കുകയാണെന്ന് രാം നാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ഇസ്റോയിലെ മുഴുവന്‍ ശാസ്ത്രജ്ഞന്മാരും അവരുടെ ധൈര്യവും പ്രതിബദ്ധതയും പ്രകടിപ്പിച്ചു. നല്ലതിന് വേണ്ടി രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായ സ്ഥിതിയിലായപ്പോള്‍ നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ‘ധൈര്യമായിരിക്കൂ’ എന്നായിരുന്നു മോദിയുടെ ആദ്യവാക്ക്. ”ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടായേക്കാം. എങ്കിലും ഇത് ചെറിയ നേട്ടമല്ല. രാജ്യത്തിന് നിങ്ങളെയോര്‍ത്ത് അഭിമാനമുണ്ട്. എല്ലാം നന്നായി വരട്ടെ. നിങ്ങള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. രാജ്യത്തിനും ശാസ്ത്രത്തിനും മുഴുവന്‍ മനുഷ്യര്‍ക്കുമായാണ് നിങ്ങളീ പ്രയത്നം നടത്തിയത്. ഞാനുണ്ട് നിങ്ങള്‍ക്കൊപ്പം. ധൈര്യമായി മുന്നോട്ടുപോകൂ”-മോദി പറഞ്ഞു.ഇസ്റോയിലെ ശാസ്ത്രജ്ഞന്മാര്ക്കൊപ്പം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു.
Discussion about this post