തിരുവനന്തപുരം: വിക്രം നായകനായ ‘ ഐ’ സിനിമ കാണാനുളള ആരാധകരുടെ ആവേശത്തിരക്കിനിടയില് ഗുരുതരമായി പരിക്കേറ്റ തിയേറ്റര്‍ സെക്യൂരിറ്റി ജീവനക്കാരന് നടന് സുരേഷ് ഗോപിയുടെ സഹായം. തിയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരന് ശ്രീകുമാറാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ശ്രീകുമാറിന് 1 ലക്ഷം രൂപയാണ് സുരേഷ് ഗോപി ചികിത്സാ ചെലവിനായി നല്‍കിയത്. ഇദ്ദേഹമിപ്പോള്‍ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്.
ദുരന്തത്തെക്കുറിച്ച് നടന് വിക്രമിനെയും സംവിധായകന് ശങ്കറിനെയും അറിയിച്ചിട്ടുണ്ടെന്നും അവര്‍ സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപി അറിയിച്ചു.
‘ഐ’ യുടെ റിലീസ് ദിനത്തില്‍ കൊല്ലം ധന്യ തിയേറ്ററില്‍ സെക്യൂരിറ്റി ജീവനക്കാരനായ ശ്രീകുമാറിന് ആരാധകരുടെ ആവേശത്തള്ളലിനിടെയാണ് അപകടം സംഭവിച്ചത്. സിനിമ കാണുന്നതിനായി പുറത്ത് കാത്തുനിന്നവരെ നിയന്ത്രിക്കുന്നതിനായി ഗേറ്റ് അടച്ചിട്ടിരുന്നു. ഗേറ്റ് തള്ളിത്തുറന്ന് ആരാധകര്‍ അകത്തേക്ക് കടന്നതോടെയാണ് അപകടമുണ്ടായത്. ആളുകള്‍ തള്ളിക്കയറുന്നതിനിടയില്‍ മതിലിന് മുകളിലൂടെ ചാടിയ ഒരു യുവാവ് ഇദ്ദേഹത്തിന്റെ കഴുത്തില്‍ വീഴുകയായിരുന്നു.അപകടത്തില്‍ ശ്രീകുമാറിന്റെ കഴുത്തിന് താഴേക്ക് തളര്‍ന്ന് പോയി.
രണ്ട് വര്‍ഷത്തോളം തീയറ്ററില്‍ സെക്യൂരിറ്റിയായി ജോലി തുടര്‍ന്ന ശ്രീകുമാറിന് കുടുംബത്തെ നോക്കാന്‍ മറ്റ് വരുമാനമാര്ഗ്ഗങ്ങളുമില്ല.
കൊല്ലത്തെ സ്വകാര്യആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയത്. തീയറ്റര്‍ ഉടമകള്‍ ചികിത്സക്കായി കുറച്ച് പണം നല്‍കിയെങ്കിലും അത് ഒന്നിനും തികയാത്ത അവസ്ഥയാണ് വന്നത്. സ്വന്തമായി വീടുപോലും ഇല്ലാതെ വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് ചെലവുകള്‍ക്ക് പോലുമുള്ള പണം കണ്ടെത്താന്‍ കഴിയുന്നില്ല.
ഭര്‍ത്താവിനെ ആശുപത്രിയില്‍ പരിചരിക്കാന്‍ നില്‍ക്കേണ്ടതിനാല്‍ ഭാര്യ ലതികയ്ക്കും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. പ്രായമായ മാതാപിതാക്കളും ഭാര്യ ലതികയും ശ്രീകുമാറിന്റെ പരിചരണത്തിനായി മുറിക്ക് പുറത്ത് ഇരിക്കുകയാണ്. ചികിത്സാ ചെലവിന് പോലും പണമില്ലാത്തതിനാല്‍ ആശുപത്രിയില്‍ ഐ.സി.യു വരാന്തയില്‍ ശ്രീകുമാറിന്റെ തിരിച്ചു വരവും കാത്തിരിക്കുകയാണിവര്്. ആറ് മാസം ഫിസിയോതെറാപ്പിയും പിന്നീട് ശസ്ത്രക്രിയയും ചെയ്താല്‍ എഴുന്നേറ്റ് നടക്കുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
ശ്രീകുമാറിനെ സഹായിക്കാന്‍ താല്പര്യമുള്ളവര്ക്ക് കനറാ ബാങ്ക് കൊല്ലം ശാഖയില്‍ ലതികയുടെ പേരിലുള്ള 0815101906311 എന്ന അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്.
Discussion about this post