ഡൽഹി: ഡൽഹി സർവ്വകലാശാല തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നിലനിർത്തിയ എ ബി വി പി ഇക്കുറി ഭൂരിപക്ഷത്തിൽ റെക്കോർഡ് തിരുത്തിക്കുറിച്ചു. എൻ എസ് യുവിന്റെ ചേതൻ ത്യാഗിയെ 19,039 വോട്ടുകൾക്ക് പരാജയപ്പെടുത്തി പ്രസിഡന്റ് സ്ഥാനത്ത് വിജയക്കൊടി പാറിച്ച എ ബി വി പിയുടെ അക്ഷിത് ദാഹിയയുടെ പേരിലായിരിക്കും ഇനി ഭൂരിപക്ഷത്തിലെ റെക്കോർഡ്. 1970ൽ മറ്റൊരു എ ബി വി പി സ്ഥാനാർത്ഥിയായിരുന്ന അലോക് കുമാറിന്റെ റെക്കോർഡാണ് ദാഹിയ തിരുത്തിയത്. 55.8 ശതമാനം വോട്ട് നേടിയ ദാഹിയ തന്നെയാണ് സർവ്വകലാശാല പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയും.
ജനറൽ സെക്രട്ടറി പദവിയൊഴികെ മറ്റെല്ലാ സ്ഥാനങ്ങളും നിലനിർത്തിയ എ ബി വി പി ഡൽഹി സർവ്വകലാശാലയിലെ വിജയക്കുതിപ്പ് ഇക്കുറിയും നിലനിർത്തിയിരിക്കുകയാണ്. എ ബി വിപിയുടെ പ്രദീപ് തന്‍വാർ വൈസ് പ്രസിഡന്റായും ശിവാംഗി ഖർവാൾ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എൻ എസ് യുവിന്റെ ആശിഷ് ലംബയാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
വെറും 11.1 ശതമാനം വോട്ട് മാത്രമാണ് ഇടത് വിദ്യാർത്ഥി സഖ്യത്തിന് ലഭിച്ചത്. കഴിഞ്ഞ തവണത്തേതിനേക്കാൾ കുറവാണ് ഇക്കുറി അവരുടെ വോട്ട് ഷെയർ.
Discussion about this post