ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇസ്രേയലില്‍ നിന്ന് സ്പൈസ് 2000 ബോബുകള്‍ എത്തിത്തുടങ്ങി. ബാലക്കോട്ട് വ്യോമാക്രമണത്തില്‍ വ്യോമസേന ഉപയോഗിച്ച ഇസ്രേയല്‍ നിര്‍മ്മിത അത്യന്താധുനിക ബോംബുകളാണ് സ്പൈസ് 2000. ഇസ്രേയല്‍ പ്രതിരോധ കമ്പനിയായ റാഫേല്‍ ഉണ്ടാക്കുന്ന ഈ ബോംബുകള്‍ ഗ്വാളിയര്‍ വ്യോമസേനാ താവളത്തില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.
ഗ്വാളിയറിലെ മിറാഷ് വിമാനങ്ങള്‍ക്ക് വേണ്ടിയാണ് ഈ ബോംബുകള്‍ എത്തിയിരിയ്ക്കുന്നത്. കെട്ടിടങ്ങളെ തകര്‍ക്കാന്‍ പ്രത്യേക സാങ്കേതികവിദ്യയുള്ള ഈ ബോംബുകള്‍ ലക്ഷ്യത്തില്‍ കൃത്യമായി പതിയ്ക്കാന്‍ ഉപഗ്രഹ ഗൈഡന്‍സ് സംവിധാനമുള്ളതാണ്.
ഇതോടൊപ്പം ഇലക്ട്രോ ഒപ്ടിക്കല്‍ ഇന്‍ഫ്രാറെഡ് നിയന്ത്രണ സംവിധാനവും കൂട്ടിച്ചേര്‍ത്തിട്ടുള്ള ഈ ബോംബുകള്‍ കൃത്യമായി ലക്ഷ്യത്തിലേക്ക് തന്നെ ഏത് കാലാവസ്ഥയിലും പതിയ്ക്കാനും ലക്ഷ്യം തകര്‍ക്കാനും കഴിവുള്ളതാണ്.
ആന്റി ജി പി എസ് ജാമിങ്ങ് സാങ്കേതികവിദ്യയും ഈ ബോംബുകളിലുണ്ട്. ബോംബുകളെ നിയന്ത്രിയ്ക്കുന്ന ജി പി എസ് സിഗ്നലുകളെ തടയാന്‍ ശ്രമിച്ചാല്‍ അതിനെ മറികടന്നും ലക്ഷ്യത്തിലെത്താന്‍ ഇതുവഴി കഴിയും. പാകിസ്ഥാന്റെ അങ്ങേയറ്റത്തുള്ള ഖൈബര്‍ പഖ്തൂണ്ഖ്വായിലെ ജയ്ഷ് എ മുഹമ്മദ് ഭികരപരിശീലനക്യാമ്പ് തകര്‍ത്തതിന് ഈ സാങ്കേതികവിദ്യ വളരെയധികം സഹായിച്ചിട്ടുണ്ട്. കട്ടിയുള്ള കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ തുരന്ന് കെട്ടിടത്തിനുള്ളില്‍ പതിക്കാനും അതുവഴി പരമാവധി നാശമുണ്ടാക്കാനും കഴിയുന്ന സാങ്കേതിക വിദ്യ ഈ ബോംബിലുള്ളതും ബാലക്കോട്ട് ഭീകരവാദക്യാമ്പിന് പരമാവധി നാശമുണ്ടാക്കിയിരുന്നു.
അതിനുശേഷമാണ് അടിയന്തിരമായി ഈ സാങ്കേതികവിദ്യയിലുള്ള കൂടുതല്‍ ബോംബുകള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കായി വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.മുന്നൂറു കോടി രൂപ നല്കി നൂറു ബോംബുകളാണ് ഇന്ത്യ വാങ്ങിയത്.
Discussion about this post