ഡൽഹി: വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിനെ ഇന്ത്യക്ക് വിട്ടു നൽകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ. മലേഷ്യൻ പധാനമന്ത്രി മഹാതിർ മുഹമ്മദിനോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
2018 ജനുവരി മാസത്തിൽ വിഷയവുമായി ബന്ധപ്പെട്ട് മലേഷ്യൻ സർക്കാരിന് ഇന്ത്യ കത്ത് നൽകിയിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം റഷ്യയിൽ വെച്ച് മലേഷ്യൻ പ്രധാനമന്ത്രിയോട് വാക്കാൽ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജയശങ്കർ വ്യക്തമാക്കി.
വിദ്വേഷ പ്രസംഗം നടത്തുകയും ഭീകരവാദം പ്രോത്സാഹിപ്പികുകയും ചെയ്തതിന് 2017ൽ സാക്കിർ നായിക്കിനെതിരെ എൻ ഐ എ അന്വേഷണം ആരംഭിച്ചിരുന്നു. 2016ൽ ബംഗ്ലാദേശിൽ നടന്ന ഭീകരാക്രമണത്തിലെ പ്രതികൾ നായിക്കിന്റെ അനുയായികളാണെന്ന വാർത്ത സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ഇന്ത്യ ഇയാൾക്കെതിരെ നടപടികൾ ശക്തമാക്കിയത്.
ഈ കാലയളവിൽ മലേഷ്യയിലായിരുന്ന സാക്കിർ നായിക് നടപടി ഭയന്ന് പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി വന്നിരുന്നില്ല. തുടർന്ന് ഇയാളുടെ സ്ഥാപനമായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ ഇന്ത്യ നിരോധിക്കുകയും രാജ്യത്തിനുള്ളിലെ ഇയാളുടെ എല്ലാ പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
Discussion about this post