കൊച്ചി: വി.ടി ബല്‍റാം എം.എല്‍.എയും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും തമ്മിലുള്ള ഫേസ്ബുക്ക് പോര് മുറുകുന്നു. തന്റെ മണ്ഡലമായ തൃത്താലയില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോയെന്ന വി.ടി ബല്‍റാമിന്റെ പോസ്റ്റിനു മറുപടിയുമായി സുരേന്ദ്രന് രംഗത്തെത്തി.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തൃത്താലയില്‍ എന്നല്ല പുതുപ്പള്ളിയില്‍ മത്സരിക്കുവാനും തയ്യാറാണെന്നാണ് സുരേന്ദ്രന് പറയുന്നു. ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ താങ്കളുടെ പേജില്‍ ഉപയോഗിക്കുന്ന ഭാഷ മോശമാണെന്നും സുരേന്ദ്രന് വിമര്‍ശിക്കുന്നു. എന്നാല്‍ ഹിന്ദിയ്ക്ക് ശേഷം മലയാളം പദപ്രയോഗങ്ങളെ കുറിച്ച് ക്ലാസെടുത്തതിന് നന്ദി എന്നാണ് വി.ടി ബല്‍റാമിന് സുരേന്ദ്രന്റെ മറുപടി. പപ്പുമോന്, ബലരാമന് തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തിയ താങ്കളാണ് എനിക്ക് ക്ലാസെടുക്കാന്‍ യോഗ്യനെന്ന പരിഹാസവും ബല്‍റാം നടത്തുന്നു.
വായിച്ചുസുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ:
പ്രിയപ്പെട്ട വി.ടി ബല്‍റാം,
ഒടുവിലത്തെ പോസ്റ്റില്‍ മാന്യവും സംസ്കാരസമ്പന്നവുമായ വാക്കുകള്‍ ഉപയോഗിക്കാന്‍ അങ്ങയെ പ്രേരിപ്പിച്ചതില്‍ സന്തോഷമുണ്ട്. അത്രയേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പിണറായി വിജയന്, വി മുരളീധരന് തുടങ്ങി കേരളത്തിലെ ഉന്നതശീര്‍ഷരായ നിരവധി നേതാക്കളോടൊപ്പം താങ്കളുള്‍പ്പടെയുള്ളവരുടെ ഫെയ്സ്ബുക്ക് പേജുകള്‍ സ്ഥിരമായി വായിക്കുന്ന ഒരാളാണു ഞാന്‍.
കഴിഞ്ഞ കുറച്ചു മാസങ്ങളായി താങ്കള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ, പ്രത്യേകിച്ച് ബി.ജെ.പി/ ആര്.എസ്.എസ് നേതാക്കള്‍ക്കെതിരെ താങ്കളുടെ പേജില്‍ ഉപയോഗിക്കുന്ന മാന്യതയും അന്തസ്സുമില്ലാത്തതായ പദപ്രയോഗങ്ങള്‍ വായിച്ചു സഹികെട്ടാണ് മനസ്സില്ലാമനസ്സോടെയാണെങ്കിലും ഞാന്‍ പ്രതികരിക്കാന്‍ തയ്യാറായത്. രാഷ്ട്രീയത്തില്‍ എതിരാളികള്‍ ഉണ്ടാവാം, പക്ഷെ ശത്രുക്കള്‍ ഉണ്ടാവരുതെന്നു വിശ്വസിക്കുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് ഞാന്‍.
ഡംഭു മാമ, അമിട്ട് ഷാജി, രായപ്പന്, തുടങ്ങി അങ്ങയുടെ പ്രയോഗങ്ങള്‍ ഒരു സാധാരണ കോണ്‍ഗ്രസ് അനുയായിക്ക് ഭൂഷണമായിരിക്കാം. പക്ഷെ പരിഷ്കൃത സമൂഹത്തിലെ ഒരു ജനപ്രതിനിധിക്കു യോജിച്ച വാക്കുകളല്ലിത്. സന്ഘികള്, കൊങ്ങികള്‍, തുടങ്ങിയ വാക്കുകള്‍ പരസ്പരം പ്രയോഗിക്കുന്നത് സ്വന്തം അനുയായികളെ മാത്രമേ ആവേശം കൊള്ളിക്കുകയുള്ളൂ. നേതാക്കള്‍ മാന്യത കൈവിടാതെ നോക്കണം.
തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ വ്യക്തികളെ വിലയിരുത്താനുള്ള ഒരേയൊരളവുകോലായി കണക്കാക്കിയതാണ് അങ്ങേക്കു പറ്റിയ അബദ്ധം. ഒരിക്കല്‍ ജയിച്ചതുകൊണ്ട് എല്ലാമായെന്നോ തോറ്റവരെല്ലാം ഒന്നിനും കൊള്ളാത്തവരാണെന്നോ ഉള്ള വിശ്വാസം ഒരബദ്ധധാരണയാണ്.
തൃത്താലയില്‍ നിന്ന് അങ്ങയെ തോല്പ്പിച്ചുകളയാം എന്നു വിചാരിച്ചല്ല ഞാനിതൊക്കെ പറഞ്ഞത്. പിന്നെ താങ്കളേക്കാള്‍ വലിയവരെന്നു പൊതുജനം കരുതുന്ന പലരോടും രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ ഏറ്റുമുട്ടിയിട്ടുണ്ട്. നിലപ്പാടുകള്‍ അങ്ങയെപ്പോലെ തന്നെ എനിക്കും പ്രധാനപ്പെട്ടതാണെന്ന ബോധ്യമുള്ളതു കൊണ്ടാണ് അതു ചെയ്തിട്ടുള്ളത്. പിന്നെ വെല്ലുവിളി സ്വീകരിക്കുവാന്‍ ഒരു മടിയും എനിക്കില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തൃത്താലയിലെന്നല്ല പുതുപ്പള്ളിയില്‍ മത്സരിക്കുവാനും ഞാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് നിര്‍ത്തുന്നു.
സ്നേഹപൂര്‍വ്വം
കെ. സുരേന്ദ്രന്.
ബല്‍റാമിന്റെ അഹന്തയ്ക്കും പരിഹാസത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ തൃത്താലക്കാര്‍ മറുപടി തന്നുകൊള്ളുമെന്ന സുരേന്ദ്രന്റെ പോസ്റ്റിനു മറുപടിയായാണ് തൃത്താലയില്‍ തനിക്കെതിരെ മത്സരിക്കാന്‍ ബല്‍റാം സുരേന്ദ്രനെ വെല്ലുവിളിച്ചത്.
ബല്‍റാമിന്റെ മറുപടി പോസ്റ്റ് ഇങ്ങനെ-
പ്രിയ കെ. സുരേന്ദ്രന്,
ഹിന്ദിക്ക് ശേഷം നല്ല മലയാളത്തേക്കുറിച്ചുള്ള താങ്കളുടെ ട്യൂഷനും നന്ദി. എന്റെ പേര് ബാലാരാമാ എന്നൊക്കെ നീട്ടിവലിച്ചും രാജ്യത്തിന് വേണ്ടി ജീവന് നല്കിയ ഒരു മുന്‍ പ്രധാനമന്ത്രിയുടെ മകന് കൂടിയായ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ വെറും പപ്പുമോന് എന്നാക്കിയുമൊക്കെ വിളിക്കുന്ന താങ്കള്‍ തന്നെയാണ് മാന്യമായ ഭാഷാ പ്രയോഗങ്ങളേക്കുറിച്ച് ക്ലാസെടുക്കാന്‍ ഏറ്റവും യോഗ്യന്‍.
പിന്നെ മാന്യതയും മര്യാദയുമൊക്കെ ജനാധിപത്യ സംസ്കാരത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള ഒരു മര്യാദയും അര്‍ഹിക്കാത്തവരാണ് ഫാഷിസ്റ്റുകള്‍. ഇന്ത്യയുടെ ബഹസ്വര ജനാധിപത്യത്തേയും മതേതരത്വം അടക്കമുള്ള ഭരണഘടനാ മൂല്യങ്ങളേയും കിട്ടാവുന്നിടത്തൊക്കെ അവഹേളിക്കാനും തകര്‍ക്കാനും നോക്കുന്ന ആര് എസ് എസ് എന്ന ലക്ഷണമൊത്ത ഫാഷിസ്റ്റ് സംഘടന ജനാധിപത്യ സംവിധാനങ്ങളുടെ സൗകര്യങ്ങള്‍ കൂടി ഉപയോഗപ്പെടുത്താന്‍ നോക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പരിഹാസമടക്കം എന്തും ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരന് ആയുധം തന്നെയാണ്. ലോക ഭീകരന് ഹിറ്റ്ലറുടെ കെട്ടിപ്പൊക്കിയ ഗാംഭീര്യം തകര്‍ത്തെറിഞ്ഞ് അയാളെ വെറും കോമാളിയാക്കി മാറ്റിയതില്‍ ചാര്‍ളി ചാപ്ലിന്റെ ‘ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍’ എന്ന ചലച്ചിത്രം വഹിച്ച പങ്ക് ഒരുപക്ഷേ താങ്കള്‍ക്ക് അറിയില്ലായിരിക്കാം. എന്നാല്‍ ജനാധിപത്യത്തിന് അങ്ങനേയും ചില സാധ്യതകളുണ്ട്. ഇത് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഇന്ത്യയിലെ ഇന്നത്തെ സര്‍ക്കാര്‍ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈ ഐഐടിയിലുമടക്കം പിടിമുറുക്കാനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും ശ്രമിക്കുന്നത് എന്നും എളുപ്പത്തില്‍ മനസ്സിലാവും. ഏതായാലും ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ കബളിപ്പിച്ച് വിദേശ പി.ആര്. ഏജന്‍സികളെ വെച്ച് സ്വയം ഒരു വികസന പുരുഷനായി ജനങ്ങള്‍ക്ക് മുന്പില് 56 ഇഞ്ച് നെഞ്ച് വിരിച്ചു നിന്നത് വെറും ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമായിരുന്നുവെന്നും അതിനെ ഇല്ലാതാക്കാന്‍ ഫേസ്ബുക്കിലെ കൊച്ചുകുട്ടിയായ ഐ.സി.യു.വിലൂടെയും മറ്റും ഇവിടത്തെ സാധാരണക്കാര്‍ മുന്നോട്ടുവെക്കുന്ന സര്‍ക്കാസവും ട്രോളുമാകുന്ന മൊട്ടുസൂചികള്‍ തന്നെ ധാരാളമാണെന്നുമാണ് കഴിഞ്ഞ ഒരു വര്‍ഷമായി സോഷ്യല്‍ മീഡിയ നല്കുന്ന പാഠം.
ശ്രീ.നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയായിട്ടാണ്, ഇന്ത്യന്‍ ചക്രവര്‍ത്തിയായിട്ടല്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭരണവീഴ്ചകള്‍ ഇവിടെ നിരന്തരം വിമര്‍ശിക്കപ്പെട്ടുകൊണ്ടേയിരിക്കും. അതോടൊപ്പം ഒരു തരത്തിലുള്ള ബഹുമാനവും അര്‍ഹിക്കാത്ത അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെ വിമര്‍ശിക്കാന്‍ ഇനിയും പരിഹാസമടക്കം ഈ നാട്ടിലെ നിസ്സഹായരായ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാവുന്ന എല്ലാ സാധ്യതകളും അവരുടെ ഒരു പ്രതിനിധി എന്ന നിലയില്‍ ഇനിയും എന്റെ ഭാഗത്തു നിന്ന് ഉപയോഗപ്പെടുത്തും. രാഷ്ട്രീയത്തില്‍ എതിരാളികളേയുള്ളൂ, ശത്രുക്കളില്ല. എന്നാല്‍ ഈ രാജ്യത്തിന്റെ അടിസ്ഥാനപരമായ ലിബറല്‍, ജനാധിപത്യ, മതേതര സ്വഭാവത്തെ തച്ചുതകര്‍ത്ത് ഇവിടം പാരമ്പര്യത്തിന്റേയും സംസ്ക്കാരത്തിന്റേയും സദാചാരത്തിന്റേയുമൊക്കെ പേരില്‍ അന്യമതവിദ്വേഷത്തിലും അന്യസംസ്ക്കാര നിരാസത്തിലുമൂന്നിയ ഒരു മതരാഷ്ട്രം കെട്ടിപ്പടുക്കാനാഗ്രഹിക്കുന്നവര്‍ എന്റെ മാത്രമല്ല, ഈ നാടിന്റെ മുഴുവന്‍ ശത്രുക്കളാണ്. അത്തരക്കാരോടുള്ള സമീപനം സ്വാഭാവികമായും വ്യത്യസ്തമായിരിക്കും.
പിന്നെ തൃത്താലയില്‍ വന്ന് മത്സരിക്കാനുള്ള ബുദ്ധിമോശം താങ്കള്‍ കാണിക്കില്ലെന്ന് എനിക്കുമറിയാം. എന്നിരുന്നാലും താങ്കളുടേയോ പാര്‍ട്ടിയുടേയോ മനസ്സ് മാറുകയാണെങ്കില്‍ ഇവിടേക്ക് സ്വാഗതം. പക്ഷേ താങ്കളുടെ പാര്‍ട്ടിക്ക് ഘടക കക്ഷികളെ ഉണ്ടാക്കിത്തരേണ്ട ബാധ്യത കൂടി ദയവായി എന്റെ ചുമലില്‍ വെക്കരുത്. മുന്നണി രാഷ്ട്രീയത്തോട് തത്ത്വത്തിലോ പ്രയോഗതലത്തിലോ എതിര്‍പ്പുള്ള പാര്‍ട്ടിയല്ലല്ലോ താങ്കളുടേത്. ദേശീയതലത്തിലടക്കം നിങ്ങളുടെ പാര്‍ട്ടിക്ക് ഘടകകക്ഷികളുണ്ട്. കേരളത്തില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് കൊള്ളാവുന്ന ആരേയും കൂടെ കിട്ടുന്നില്ല എന്നത് നിങ്ങളാണ് ആലോചിക്കേണ്ടത്. ഉത്തരം മറ്റൊന്നുമല്ല, ഇത് കേരളമാണ് എന്നത് മാത്രമാണ്. ഫാഷിസത്തിന്റെ വിഷവിത്തുക്കള്‍ ആഴ്ന്നിറങ്ങണമെങ്കില്‍ കേരളം കുറച്ചുകൂടി അധപതിക്കണം. അതത്ര എളുപ്പത്തില്‍ സാധിക്കുമെന്ന് താങ്കള്‍ തെറ്റിദ്ധരിക്കേണ്ട.
താങ്കള്‍ കൂടി സഹകരിക്കുകയാണെങ്കില്‍ ഈ സംവാദം ഇതോടുകൂടി അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്.
സ്നേഹത്തോടെ,
വി.ടി.ബല്‍റാം
Discussion about this post