പിഎസ്സി പരീക്ഷാ തട്ടിപ്പിലെ മുഖ്യതെളിവായ മൊബൈല്‍ ഫോണുകളും സ്മാര്‍ട് വാച്ചുകളും പൂര്‍ണമായി നശിപ്പിച്ചു. ഒളിവില്‍ താമസിക്കുന്നതിനിടെ മുണ്ടക്കയത്ത് മണിമലയാറ്റില്‍ ഒഴുക്കികളഞ്ഞെന്ന് മുഖ്യപ്രതി പി.പി. പ്രണവ് സമ്മതിച്ചു. പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ത്താനുള്ള ക്രമീകരണം ഒരുക്കിയത് നസീമാണെന്നും പ്രണവിന്റെ മൊഴി.
പിഎസ്സി പരീക്ഷാ തട്ടിപ്പിന് പ്രതികള്‍ പ്രധാനമായും ഉപയോഗിച്ചത് മൂന്ന് സ്മാര്‍ട് വാച്ചുകളും രണ്ട് മൊബൈല്‍ ഫോണുകളുമാണ്. അതായത് ഉത്തരങ്ങള്‍ ഗോകുലും സഫീറും ഫോണിലൂടെ അയച്ച് കൊടുത്തപ്പോള്‍ സ്മാര്‍ട് വാച്ചുപയോഗിച്ചാണ് നസീമും ശിവരഞ്ജിത്തും പ്രണവും സ്വീകരിച്ചത്. ശാസ്ത്രീയ പരിശോധനക്കടക്കം നിര്‍ണായകമാകേണ്ടിയിരുന്ന ഇവയെല്ലാം നശിപ്പിച്ചുവെന്നാണ് മുഖ്യപ്രതി പ്രണവ് മൊഴി നല്‍കിയിരിക്കുന്നത്.
പരീക്ഷയ്ക്ക് ശേഷം നസീമിന്റേതടക്കം രണ്ട് സ്മാര്‍ട് വാച്ചുകള്‍ പ്രണവായിരുന്നു സൂക്ഷിച്ചത്. ഒളിവില്‍ പോയപ്പോള്‍ ഇവയും ഉത്തരങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ഇടിച്ച് പൊട്ടിച്ച ശേഷം മുണ്ടക്കയത്തെ മണിമലയാറ്റില്‍ ഒഴുക്കിയെന്നാണ് അവിടെയെത്തിച്ചുള്ള തെളിവെടുപ്പില്‍ പ്രണവ് പറഞ്ഞത്. സഫീറിനും ഗോകുലിനൊപ്പം മുണ്ടക്കയത്തെ സുഹൃത്തിന്റെ വീട്ടിലാണ് ഒളിവില്‍ കഴിഞ്ഞതെന്നും സമ്മതിച്ചു. ശിവരഞ്ജിത്തിന്റെ സ്മാര്‍ട് വാച്ച് മൂന്നാറിലെ ആറ്റില്‍ കളഞ്ഞെന്ന് നേരത്തെ ശിവരഞ്ജിത്തും മൊഴി നല്‍കിയിരുന്നു.
അതേസമയം ചോദ്യപേപ്പര്‍ എങ്ങിനെ ചോര്‍ന്നൂ എന്ന നിര്‍ണായക കാര്യത്തില്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ നല്കി അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നത്.
Discussion about this post