മുംബൈ: വെള്ളം കെട്ടി കിടക്കുന്ന ക്രിക്കറ്റ് പിച്ചിൽ ആനായാസം ബാറ്റ് ചെയ്യുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു.
പിച്ചിൽ കുത്തി ഉയർന്നും താഴ്ന്നും വരുന്ന പന്തുകളെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ നേരിടുന്ന സച്ചിൻ എല്ലാ പന്തുകളെയും കൃത്യമായി ജഡ്ജ് ചെയ്യുന്നുണ്ട്. ചില പന്തുകളെ അടിച്ചു പറത്തുന്ന സച്ചിൻ ചില പന്തുകളെ തനത് ശൈലിയിൽ ലീവ് ചെയ്യുന്നതും വീഡിയോയിൽ കാണാം.
പരിശീലനത്തിനുള്ള നവീന മാർഗ്ഗങ്ങൾ കണ്ടെത്താൻ കളിയോടുള്ള അഭിനിവേശം തന്നെ പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കുന്നു. എല്ലവരുടെയും പിന്തുണ ക്രിക്കറ്റിനെ ആസ്വദിക്കാനും സഹായിക്കുന്നതായും വീഡിയോയോടൊപ്പം സച്ചിൻ കുറിച്ചു.
Love and passion for the game always helps you find new ways to practice, and above all to enjoy what you do.#FlashbackFriday pic.twitter.com/7UHH13fe0Q
— Sachin Tendulkar (@sachin_rt) September 27, 2019
ക്രിക്കറ്റിലെ ദൈവം എന്ന് അന്താരാഷ്ട്ര തലത്തിൽ വിശേഷിപ്പിക്കപ്പെടുന്ന സച്ചിൻ രമേഷ് ടെണ്ടുൽക്കർ ആമുഖം ആവശ്യമില്ലാത്ത പ്രതിഭയാണ്. റൺസ് കൂമ്പാരങ്ങളും സെഞ്ചുറികളും കാലാതിവർത്തിയായ റെക്കോർഡുകളും തന്റെ പേരിൽ കുറിച്ച ഈ അതുല്യപ്രതിഭ എന്തു കൊണ്ട് സച്ചിനാകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം കളിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തിൽ പ്രകടമാണ്.
‘ഞാൻ ദൈവത്തെ കണ്ടു, അയാൾ നാലാം നമ്പറിൽ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യുകയായിരുന്നു‘ എന്ന ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മാത്യു ഹെയ്ഡന്റെ വാക്കുകളും, ‘കൂറ്റൻ ബാറ്റുമായി ക്രീസിൽ നിന്നും ചാടി ഇറങ്ങി വരുന്ന സച്ചിന്റെ ഓർമ്മകൾ പല രാത്രികളിലും എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്’ എന്ന സ്പിൻ ഇതിഹാസം ഷെയ്ൻ വോണൊന്റെ വാക്കുകളും അടിവരയിടുന്നതാണ് ക്രിക്കറ്റിനോടുള്ള സച്ചിന്റെ സമീപനം.
Discussion about this post