‘സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ’.. സരസ്വതി ദേവിയെ ആരാധിക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം.ഇനി ഒൻപത് നാൾ നാടും നഗരവും അക്ഷരപൂജയ്ക്കായി ഒരുങ്ങുന്നു. ഇരുട്ടിനെ അകറ്റി വെളിച്ചത്തിന്റെ നാളുകൾ വരുന്നുവെന്നാണ് നവരാത്രിയുടെ സങ്കല്പം. ഒൻപത് ദിവസം ദേവീ ഉപാസനയും പിറ്റേന്ന് വിജയദശമിയും എന്നതാണ് ആഘോഷ രീതി. കേരളത്തിൽ സരസ്വതി പൂജയ്ക്കാണ് പ്രധാന്യം.കേരളത്തിൽ വിദ്യാരംഭം, തമിഴ്നാട്ടിൽ കൊലു വയ്പ്, കർണ്ണാടകയിൽ ദസറ, ഉത്തരഭാരത്തിൽ രാമലീല,ബംഗാളിൽ ദുർഗാപൂജ, അസമിൽ കുമാര പൂജ എന്നിങ്ങനെ പല പേരുകളിൽ നവരാത്രി ആഘോഷം അറിയപ്പെടുന്നു. ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായും, ദേശീയ ഐക്യത്തിന്റെ പ്രതീകമായും നവരാത്രി അടയാളപ്പെടുത്തുന്നു.
ആദി ശക്തിയുടെ മൂന്ന് സങ്കൽപങ്ങളായ ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവതകളെ ഉപാസിച്ചാണ് നവരാത്രി ആരാധന. ആഘോഷത്തിന്റെ ആദ്യ മൂന്ന് ദിനങ്ങൾ ദുർഗാദേവി, പിന്നത്തെ മൂന്ന് ദിനങ്ങൾ ലക്ഷ്മി ദേവി, അവസാന മൂന്ന് ദിനങ്ങൾ സരസ്വതി ദേവി എന്നിങ്ങനെയാണ് പൂജാക്രമം.
സരസ്വതി പ്രധാനമായ അവസാനത്തെ മൂന്ന് ദിവസങ്ങൾ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയ്ക്ക് പ്രധാന്യമേറുന്നു. നവരാത്രി ദിവസങ്ങളിൽ ബ്രാഹ്മ മുഹൂർത്തിൽ എഴുന്നേറ്റ് ദേഹ ശുദ്ധി വരുത്തി ദേവിയെ ദർശിക്കുകയും നവരാത്രി വ്രതം അനുഷ്ഠിക്കുന്നവർക്ക് ദാരിദ്ര്യ ദുഖ മോചനം, രോഗശമനം, മാംഗല്യഭാഗ്യം, ഇഷ്ട സന്താന ലബ്ധി, വിദ്യാലാഭം തുടങ്ങിയ ഗുണങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ദിവസവും പുജ ചെയ്യാൻ കഴിയാത്തവർ സപ്തമി, അഷ്ടമി, നവമി ദിവസങ്ങളിൽ ഉപവസിച്ച് പൂജ ചെയ്യണം. ദേവീമഹാത്മ്യം, ലളിത സഹസ്രനാമം, സൗന്ദര്യ ലഹരി, ദേവീ പുരാണം,ദേവി ഭാഗവതം എന്നിവ ഇക്കാലയളവിൽ പാരായണം ചെയ്യുന്നത് ഉത്തമം.
Discussion about this post