ഡല്‍ഹി; ദേശീയ പൗരത്വപട്ടിക ബംഗ്ലാദേശിന് പ്രയാസമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ ആഴ്ച ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഉറപ്പ്. ഇന്ത്യ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ ആണ് ഹസീന ഇന്ത്യയിലെത്തുന്നത് . നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഈ മാസം മൂന്നിനാണ് ഷെയ്ഖ് ഹസീന എത്തുന്നത്.
വ്യാപാര നിക്ഷേപം തേടുന്നതിനു പുറമേ ഒക്ടോബര്‍ 5 ന് ഹസീന മോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് എന്നിവരുമായും ബംഗ്ലാദേശ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതുസഭയില്‍ പങ്കെടുത്ത സമയത്തും മോദിയുമായി എന്‍ആര്‍സി വിഷയം ഹസീന ചര്‍ച്ചചെയ്തതായാണ് സൂചന. എന്‍ആര്‍സി ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം വളരെയധികം ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ഹസീന പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നല്ല ബന്ധം പുലര്‍ത്തുന്നതിനാല്‍ ഇത്തരമൊരു വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും യോഗത്തിന് ശേഷം മോദി മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ട്. അതേ സമയം ഷെയ്ഖ് ഹസീനയുടെ സന്ദര്‍ശനത്തില്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ എന്‍ആര്‍സിയെക്കുറിച്ച് പരാമര്‍ശമില്ല.
Discussion about this post