ഡൽഹി: നാലാഴ്ചയായി തിഹാർ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് പി ചിദംബരത്തിന് വയറു വേദന. ചിദംബരത്തിന്റെ ആവശ്യം പരിഗണിച്ച് അദ്ദേഹത്തെ ഡൽഹി എയിംസിലേക്ക് മാറ്റാൻ ശുപാർശ നൽകിയതായി സൂചന.
ഐ എൻ എക്സ് മീഡിയ അഴിമതി കേസിൽ വ്യാഴാഴ്ച ജാമ്യാപേക്ഷ നൽകിയ ചിദംബരം തന്റെ കേസ് നേരത്തെ പരിഗണിക്കാൻ കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ചിദംബരത്തിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. എഴുപത്തിനാല് വയസ്സുകാരനായ ചിദംബരം സമൂഹത്തിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും മുൻ ആഭ്യന്തരമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്ന ഇദ്ദേഹത്തിന് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നുമുള്ള വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
2007ലെ യു പി എ ഭരണകാലത്ത് മാനദണ്ഡങ്ങൾ മറികടന്ന പീറ്റർ മുഖർജിയുടെയും ഇന്ദ്രാണി മുഖർജിയുടെയും ഉടമസ്ഥതയിലുള്ള ഐ എൻ എക്സ് മീഡിയ എന്ന സ്ഥാപനത്തിന് വിദേശ നിക്ഷേപം അനുവദിക്കുക വഴി 305 കോടി രൂപയുടെ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന പി ചിദംബരം അന്വേഷണം നേരിടുന്നത്.
Discussion about this post