തിരുവനന്തപുരം: പാഠപുസ്തക വിതരണത്തില്‍ നല്കിയ ഉറപ്പ് ലംഘിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. സമയപരിധി ലംഘിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. വിതരണം ചെയ്യാനുള്ള 10 ലക്ഷം പുസ്തകങ്ങളില്‍ 9 ലക്ഷവും അണ് എയ്ഡഡ് സ്കൂളുകള്‍ നേരിട്ട് എടുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 20 നകം പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ സഭയെ അറിയിച്ചിരുന്നത്. കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഈ മാസം 23 ന് പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നത് സഭയെ അവഹേളിക്കലാണെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. 20 നകം പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സഭയില്‍ പറഞ്ഞു.
അതേസമയം, അധ്യാപകര്‍ക്കുള്ള ഹാന്‍ഡ് ബുക്ക് അച്ചടി മണിപ്പാലിലെ സ്വകാര്യപ്രസിന് നല്‍കിയതിലും പരാതി ഉയര്‍ന്നു. തിരുവനന്തപുരത്ത് സ്വകാര്യ പ്രസ് നല്കിയ ടെന്‍ഡറിനേക്കാള്‍ അധികതുക നല്‍കിയാണ് അച്ചടിക്കുന്നത്. മൂന്നു ലക്ഷം കോപ്പികള്‍ അച്ചടിക്കാനാണ് മണിപ്പാലിലെ പ്രസിന് നല്‍കിയത്. 23,86,874 രൂപ അധികം മണിപ്പാലിലെ പ്രസിന് നല്‍കിയെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. സര്‍ക്കാരിന് കീഴിലുള്ള സി ആപ്റ്റാണ് അച്ചടി പുറത്ത് നല്‍കിയത്. ഇതേ പ്രസ് പാഠപുസ്തക അച്ചടിക്ക് ഇരട്ടി തുക ആവശ്യപ്പെട്ടിരുന്നു.
Discussion about this post