ചണ്ഡിഗഡ്: മുസ്ലിം വിരുദ്ധത ആരോപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള പ്രതിപക്ഷ നീക്കത്തെ മുളയിലെ നുള്ളി ബിജെപി. ഹരിയാനയില്‍ മുസ്ലിം വനിത ഉള്‍പ്പടെ മൂന്ന് സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ മൂന്നു മണ്ഡലങ്ങളിലും അതേ സമുദായത്തിലെ സ്ഥാനാര്‍ഥികളെ കണ്ടെത്താനായത് വലിയ വിജയമായാണു ബിജെപി വിലയിരുത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി ബിജെപിയിലെ നൗക്ഷം ചൗധരിയാണ്.
മോവാധ് ജില്ലയിലെ പുന്നാന മണ്ഡലത്തിലാണ് 27കാരിയായ നൗക്ഷം ചൗധരി ജനവിധി തേടുന്നത്. ഡല്‍ഹി മിരാന്‍ഡ ഹൗസിലും ഇറ്റലിയിലും ലണ്ടനിലുമായി ചരിത്ര പഠനത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയ നൗക്ഷം മണ്ഡലത്തില്‍ ആവേശം വിതറി മുന്നേറുകയാണ്. റിട്ട. ജഡ്ജിയാണു പിതാവ്. ഹരിയാന റവന്യൂ വകുപ്പു ഉദ്യോഗസ്ഥയാണു മാതാവ്. ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണു നൗക്ഷം വിദേശത്തു നിന്നെത്തിയത്. മുത്തലാഖ് ബില്‍ പാസാക്കിയതുള്‍പ്പെടെ മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് നൗക്ഷം വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെക്കുന്നത്. മദ്രസകള്‍ക്കുള്ള സഹായം വര്ദ്ധിപ്പിച്ചതുള്പ്പടെയുള്ള വിഷയങ്ങള്‍ നിരത്തി പ്രതിപക്ഷത്തിന്റെ വ്യാജപ്രചരണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കണമെന്ന് അവര്‍ വോട്ടര്‍മാരോട് ആഹ്വാനം ചെയ്യുന്നു.
നിലവിലെ സഭയില്‍ ഐഎന്‍എല്‍ഡി അംഗങ്ങളായിരുന്ന നസീം അഹമ്മദും സാക്കിര്‍ ഹുസൈനുമാണു മറ്റു രണ്ടു സ്ഥാനാര്‍ഥികള്‍. സാക്കിര്‍ നൂഹിലും, നസീം ഫിറോസ്പുര്‍ ജിര്ക്കയിലും ജനവിധ തേടുന്നു.
ബിജെപി താരതമ്യേന ദുര്‍ബലമായ ഈ മൂന്നു മണ്ഡലങ്ങളും ഇവരുടെ വരവോടെ പിടിച്ചെടുക്കാം എന്ന പ്രതീക്ഷയാണു ബിജെപിക്ക്. നിയമസഭ പിരിച്ചുവിടും മുന്‍പുതന്നെ സാക്കിറും നസീമും ബിജെപിയില്‍ ചേര്‍ന്നിരുന്നു. അവരുടെ മണ്ഡലങ്ങളില്‍ തന്നെ വീണ്ടും മല്‍സരിക്കാന്‍ നിയോഗിക്കുകയും ചെയ്തു. പരസ്പരം പോരടിക്കുന്ന പ്രതിപക്ഷമുള്ള ഹരിയാനയില്‍, 10 വനിതകളെയാണു ബിജെപി ഇറക്കിയിട്ടുള്ളത്. 2009 ലെ നാലു സീറ്റില്‍ നിന്ന് 47 സീറ്റ് നേടി ഭരണം പിടിച്ച ബിജെപിയുടെ ലക്ഷ്യം വന്‍ ഭൂരിപക്ഷത്തോടെയുള്ള ഭരണത്തുടര്‍ച്ചയാണ്.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ബിജെപി വലിയ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. അത് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.
Discussion about this post