വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്ക്കെതിരെ തകര്‍പ്പന്‍ ഇരട്ടസെഞ്ചുറിയുമായി റെക്കോര്‍ഡിട്ട സഞ്ജു സാംസണിനെ ‘തിരുവനന്തപുരത്തിന്റെ സ്വന്തം’ എന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ തിരുത്തി ശ്രീശാന്ത്. ഗോവയ്ക്കെതിരായ സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിന് മറുപടിയായാണ് ശ്രീയുടെ തിരുത്ത്. ഗോവയ്ക്കെതിരെ 129 പന്തില്‍ 21 ഫോറും 10 സിക്സും സഹിതം 212 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സഞ്ജു, ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു വിക്കറ്റ് കീപ്പറിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറുമായി ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.
സഞ്ജുവിന്റെ ഈ പ്രകടനത്തെ അഭിന്ദിച്ചുകൊണ്ടാണ് തിരുവനന്തപുരം എംപിയായ ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.
ഈ ട്വീറ്റിനു മറുപടിയായിട്ടാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ശ്രീശാന്ത് ട്വീറ്റ് ചെയ്തത്. ‘സര്, അദ്ദേഹത്തെ തിരുവനന്തപുരത്തിന്റെ മാത്രം സ്വന്തമായി മുദ്രകുത്തരുത്. സഞ്ജു മലയാളത്തിന്റെ അഭിമാന പുത്രനാണ്. മഹാനായ ഇന്ത്യക്കാരനും. രാജ്യാന്തര ക്രിക്കറ്റില്‍ ഇതിലും മികച്ച പ്രകടനങ്ങളുമായി നമ്മുടെ അഭിമാനം ഉയര്‍ത്താന്‍ പോകുന്ന താരമാണ് അദ്ദേഹം. ഈ പ്രതീക്ഷയോടെ നമുക്ക് സഞ്ജുവിന് ഉറച്ച പിന്തുണ നല്‍കാം’ ശ്രീശാന്ത് കുറിച്ചു.
Sir..,Don’t tag him as just a Trivandrum boy..he is Malayalam”s proud son and a great INDIAN. He is gonna make all of us proud very soon by scoring big and better in internationals @where he belongs..let’s hope and give him the best support ..@IamSanjuSamson
— Sreesanth (@sreesanth36) October 13, 2019
വിജയ് ഹസാരെ ട്രോഫിയില്‍ തിരുവനന്തപുരത്തിന്റെ സ്വന്തം സഞ്ജു ഇരട്ടസെഞ്ചുറി നേടുമ്പോള്‍ താന്‍ ഐപിയു പാര്‍ലമെന്റിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ബെല്‍ഗ്രേഡിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് കുറിച്ച തരൂര്‍, ഇന്ത്യന്‍ സിലക്ടര്‍മാര്‍ ഈ പ്രകടനം കാണുന്നില്ലേയെന്നും ചോദിച്ചിരുന്നു.
അതേസമയം, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി ശ്രീശാന്ത് മത്സരിച്ചിരുന്നു. ബിജെപിക്കാരനായ രാഷ്ട്രീയത്തില്‍ തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിറകെ തരൂരിനെ തിരുത്തിയുള്ള രംഗപ്രവേശം ശ്രദ്ധേയമായി.
Discussion about this post