ദുബായ്: ഇന്ത്യയിലെപോലെ യു.എ.ഇ.യിലും ഇന്ധനവില നിയന്ത്രണം നീക്കുന്നു. അന്താരാഷ്ട്ര നിലവാരമനുസരിച്ചുള്ള പുതുക്കിയ വില ആഗസ്റ്റ് ഒന്നിന് നിലവില്‍ വരും. എല്ലാമാസവും വില പുനര്‍നിശ്ചയിക്കുകയും എമിറേറ്റുകളില്‍ ഏകീകൃത നിരക്ക് നടപ്പാക്കുകയും ചെയ്യുമെന്ന് ഊര്‍ജമന്ത്രി സുഹൈല്‍ അല്‍ മസ്രൂഇ അറിയിച്ചു.
ഡീസല്‍, പെട്രോള്‍ എന്നിവയുടെ വില നിയന്ത്രണമാണ് യു.എ.ഇ. മന്ത്രിസഭയുടെ തീരുമാനപ്രകാരം എടുത്തുകളയുന്നത്. ഓരോ മാസവും അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായി രാജ്യത്തെ ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നതിന് പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഊര്‍ജ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അധ്യക്ഷന്‍, ധനകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, അഡ്നോക് ഡിസ്ട്രിബ്യൂഷന്‍, എമിറേറ്റ്സ് നാഷണല്‍ ഓയില്‍ കമ്പനി,സി.ഇ.ഒ.മാര്‍ എന്നിവര്‍ പ്രത്യേക സമിതി അംഗങ്ങളാണ്.
സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രതിഫലനങ്ങള്‍ വിശദമായി പഠനത്തിന് വിധേയമാക്കിയതിനുശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനും പ്രകൃതിയുടെ സംരക്ഷണത്തിനും ഇത് സഹായകമാകും. പരിസ്ഥിതി മലിനീകരണം ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിച്ചേക്കും. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ പോലുള്ള കുറഞ്ഞ ഇന്ധനം ആവശ്യമുള്ള വാഹനങ്ങളുടെ ഉപയോഗത്തിനും വില നിയന്ത്രണം നീക്കുന്നത് പരിഹാരമാകും. കൂടുതല്‍ ആളുകള്‍ പൊതുവാഹനങ്ങളെ ആശ്രയിക്കുകയും ചെയ്യും.
അന്താരാഷ്ട്ര വിലനിലവാരമനുസരിച്ച് ഡീസലിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും നിരക്ക് താഴാനിടയുണ്ടെന്നും മന്ത്രി അല്‍ മസ്രൂഇ പറഞ്ഞു. ഡീസല്‍ നിരക്ക് കുറയുമ്പോള്‍ അത് വ്യാവസായിക മേഖലയ്ക്കും ഷിപ്പിങ്, കാര്‍ഗോ മേഖലകള്‍ക്കും സഹായകമാകും.
യു.എ.ഇ.യുടെ ശരാശരി വരുമാനത്തിന്റെ മൂന്നോ നാലോ ശതമാനമേ പെട്രോള്‍ വിലയിനത്തില്‍ ഈടാക്കുന്നുള്ളൂ. അന്താരാഷ്ട്ര നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ന്യായമായ നിരക്കാണ്. അതുകൊണ്ടുതന്നെ വിലനിയന്ത്രണം നീക്കുന്നത് ജനങ്ങളുടെ ജീവിത ച്ചെലവിനെ കാര്യമായി ബാധിക്കാനിടയില്ല. യു.എ.ഇ.യുടെ നിക്ഷേപകാന്തരീക്ഷത്തെ ഗുണകരമായ രീതിയില്‍ സ്വാധീനിക്കാനും സാമ്പത്തിക ക്ഷമത വര്‍ധിപ്പിക്കാനും തുറന്ന വിപണി നയത്തെ പിന്തുണയ്ക്കാനും പുതിയ തീരുമാനം സഹായകമാകുമെന്നും മന്ത്രി വിശദമാക്കി.
Discussion about this post