അയോധ്യാകേസില്‍ വിധി വരാനിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് തീവ്രവാദ ആക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് അയോദ്ധ്യ, മഥുര, വാരണാസി, ഉത്തര്‍പ്രദേശിലെ പ്രധാന സ്ഥലങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍, പോലീസ് സ്റ്റേഷന്, സ്കൂളുകള്‍ എന്നിവിടങ്ങളിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അയോധ്യാ കേസിലെ വിധി വരുന്ന പശ്ചാത്തലത്തില്‍ അധികസുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തീവ്രവാദികള്‍ നേപ്പാളില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ഉത്തര്‍പ്രദേശിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും പൊതുസ്ഥലങ്ങള്‍, ട്രെയിനുകള്‍, ബസുകള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിവരങ്ങള്‍ അനുസരിച്ച് ചാവേര്‍ ആക്രമണ സാധ്യതകളെക്കുറിച്ചും റിപ്പോര്‍ട്ടുകളുണ്ട്. സോഷ്യല്‍ മീഡിയഇടപാടുകള് ,പണമിടപാടുകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുകയാണെങ്കില്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹിന്ദു സമാജ് പാര്‍ട്ടി നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയതിന് ശേഷം സംസ്ഥാനത്ത് സ്ഥിതി ഇതിനകം തന്നെ സംഘര്‍ഷാവസ്ഥയിലാണ്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ എല്ലാ പോലീസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുടെയും അവധി നവംബര്‍ 30 വരെ റദ്ദാക്കുകയും സാമുദായിക ഐക്യം ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അയോദ്ധ്യ ഭൂമി അവകാശ തര്‍ക്കത്തില്‍ സുപ്രീംകോടതി വരാനിരിക്കുന്ന വിധി കണക്കിലെടുത്ത് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
Discussion about this post