പാക്കിസ്ഥാന്റെ അതിര്‍ത്തി ലംഘിച്ചു നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഒട്ടും വൈകാതെ യാതൊരു ദാക്ഷിണ്യവും കൂടാതെ ശക്തമായി തിരിച്ചടിക്കുകയെന്ന നിലപാടിലേക്കു കേന്ദ്ര സര്‍ക്കാരും സൈന്യവും മാറിയെന്നു സൂചിപ്പിക്കുന്നതാണ് ഞായറാഴ്ച അര്‍ധരാത്രി പാക്ക് ഭീകരക്യാംപുകള്‍ക്കു നേരെ ഇന്ത്യ നടത്തിയ കടന്നാക്രമണമെന്ന് പ്രതിരോധവിദഗ്ധര്‍.
155 എംഎം ബൊഫോഴ്സ് തോക്കുകള്‍ ഉപയോഗിച്ചുള്ള കൃത്യമായ ആക്രമണമാണ് ഇന്ത്യന്‍ സൈന്യം നടത്തിയത്. ശനിയാഴ്ച പാക്കിസ്ഥാന് നടത്തിയ വെടിവയ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ അതിര്‍ത്തിക്കപ്പുറത്തേക്ക് ആക്രമിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
പാക്ക് അധിനിവേശ കശ്മീരിലെ നീലം താഴ്വരയില് ജുറ, അത്മുഖം, കുന്ദല്‍സാഹി എന്നിവിടങ്ങളിലെ ഭീകര ക്യാംപുകളാണ് തകര്‍ത്തത്. പാക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം സ്ഥിരമായ നിയന്ത്രണരേഖയിലെ മച്ചാല് സെക്ടറിലാണ് കനത്ത വെടിവയ്പ് ഉണ്ടായത്. കശ്മീരിലെ കുപ്വാര ജില്ലയിലെ ടാങ്ധറിന് എതിര്‍വശത്താണു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നീലം താഴ്വര. പാക്ക് അധിനിവേശ കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദിനു സമീപമാണിത്.
ടാങ്ധര്‍-തിത്വാള്‍ സെക്ടര്‍ ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇന്ത്യന്‍ സൈന്യത്തിനാണു മുന്‍തൂക്കം. ഇവിടെനിന്നു പാക്കിസ്ഥാന് പോസ്റ്റുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ കഴിയും. ഭീകരര്‍ക്ക് ഇന്ത്യന്‍ മേഖലയിലേക്കു കടന്നുകയറാന്‍ സൗകര്യമൊരുക്കാനായി വെടിവയ്പു നടത്തുന്ന പാക്ക് സൈനിക പോസ്റ്റുകളാണ് ആക്രമിച്ചു തകര്‍ത്തത്.
അതിര്‍ത്തി ഗ്രാമങ്ങളില്‍ ശനിയാഴ്ച രാത്രി പാക്കിസ്ഥാന് നടത്തിയ ഷെല്‍ ആക്രമണത്തില്‍ 2 ഇന്ത്യന്‍ സൈനികരും ഒരു നാട്ടുകാരനും മരണമടഞ്ഞിരുന്നു. 3 പേര്‍ക്കു ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. ഹവില്‍ദാര്‍ പദം ബഹാദൂര്‍ ശ്രേഷ്ഠ, റൈഫിള്‍മാന്‍ ഗാമില്‍ കുമാര്‍ ശ്രേഷ്ഠ എന്നിവരാണു വീരമൃത്യു വരിച്ചത്. തുടര്‍ന്ന് അര്‍ധരാത്രിക്കു ശേഷം തിരിച്ചടിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
Discussion about this post