ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ ഒക്ടോബർ 31 മുതൽ ഇന്ത്യ സന്ദർശിക്കും.പ്രതിരോധവും സുരക്ഷയും ഉൾപ്പടെയുളള തന്ത്ര പ്രധാന മേഖലകളിൽ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജർമ്മൻ ചാൻസലർ ഇന്ത്യയിലെത്തുന്നത്.
മെർക്കലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉഭയകക്ഷി ചർച്ചകൾ നടത്തും. ഒക്ടോബർ 31 മുതൽ നവംബർ രണ്ട് വരെയാണ് സന്ദർശനം. ജർമ്മനിയിൽ സജീവമായ പ്രമുഖ ഇന്ത്യൻ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥരുമായും മെർക്കൽ കൂടിക്കാഴ്ച നടത്തും.
പ്രതിരോധം, സുരക്ഷ ,പുനരുപയോഗ ഊർജ്ജം, ഉയർന്ന സാങ്കേതിക വിദ്യ, നൈപുണ്യ വികസനം, റെയിൽവെ, വിദ്യാഭ്യാസം, ജലം ,മാലിന്യ നിർമ്മാർജ്ജനം, നഗവവികസനം എന്നീ മേഖലകളിലെ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനുളള വഴികൾ ചർച്ച ചെയ്യുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
അഫ്ഗാനിസ്ഥാൻ, പശ്ചിമേഷ്യ, കൊറിയൻ ഉപദ്വീപിലെ സ്ഥിതി ഉൾപ്പടെയുളള പ്രാദേശിക, ആഗോള വിഷയങ്ങളിൽ മെർക്കലും മോദിയും ചർച്ച നടത്തും. ജൂണിൽ മോദിയും, മെർക്കലും ജപ്പാനീസ് നഗരമായ ഒസാക്കയിൽ നടന്ന ജി20 ഉച്ചക്കോടിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.ഇന്ത്യയും ജർമ്മിനിയും 2001 മുതൽ തന്ത്രപരമായ പങ്കാളികളാണ്.
Discussion about this post