മലപ്പുറം വേങ്ങരയിൽ കാറിൽ കടത്താൻ ശ്രമിച്ച കുഴൽപ്പണം എക്സൈസ് സംഘം പിടികൂടി. 65 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. കേസിൽ രണ്ടു പേർ അറസ്റ്റിലായി. കുഴിപ്പുറം സ്വദേശി സെയ്തലവി, വേങ്ങര സ്വദേശി അഷ്റഫ് എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇവരെ പിന്നീട് പൊലീസിന് കൈമാറി.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെ മലപ്പുറം വേങ്ങര റോഡിലായിരുന്നു എക്സൈസ് സംഘത്തിന്റെ പരിശോധന. ഇവർ സഞ്ചരിച്ച കാറിൽനിന്ന് നോട്ട് എണ്ണുന്ന രണ്ട് മെഷീനുകളും പിടിച്ചെടുത്തു.
കൂടുതൽ അന്വേഷണത്തിനായി പ്രതികളെയും പണവും വൈകുന്നേരം വേങ്ങര പോലീസിന് കൈമാറി. കുഴൽപ്പണത്തിന്റെ ഉറവിടത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് വേങ്ങര എസ്.ഐ. എൻ.കെ. മുഹമ്മദ് റഫീഖ് അറിയിച്ചു.
Discussion about this post