കാളിയമ്പി
ഒക്ടൊബര് 23, 2014
പുതുതായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി അക്കൊല്ലം ദീപാവലി ആഘോഷിച്ചത് ശ്രീനഗറിലായിരുന്നു. സാധാരണയായി പ്രധാനമന്ത്രിമാര്‍ ഡല്‍ഹിയിലെ മത്താപ്പുകളുടെ പ്രഭയില്‍ ആഘോഷമായി ദീവാളികുളിയ്ക്കുമ്പോള് ശ്രീനഗറിലെ പ്രളയദുരിതത്തിലാഴ്ന്നവരെ സന്ദര്‍ശിയ്ക്കാനാണ് പുതിയ ഇന്ത്യന്‍ പ്രധാനമന്ത്രി അന്ന് സമയം ചിലവാക്കിയത്.
നവംബര്‍ 11. 2015
പരംവീര്‍ചക്ര കമ്പനിക്വാര്ട്ടര്മാസ്റ്റര് ഹവീല്‍ദാര്‍ അബ്ദുള്‍ ഹമീദ്. 1965ല്‍ അസല്‍ ഉത്തര്‍ യുദ്ധത്തില്‍ പാകിസ്ഥാന് ടാങ്കുകളെ ഒറ്റയ്ക്ക് ഒരു തോക്കുമെടുത്ത് പ്രതിരോധിച്ച് അവയെ തകര്‍ത്തെറിഞ്ഞ… ഭാരതാംബയ്ക്കായി ജീവന് നല്കിയ ധീരന്. പഞ്ചാബ് അതിര്‍ത്തിയിലുള്ള അദ്ദേഹത്തിന്റെ ഖബറില്‍ ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് ആ അതിര്‍ത്തി കാക്കുന്ന സൈനികരോടൊപ്പമാണ് 2015ലെ ദീപാവലി ഇന്ത്യന്‍ പ്രധാനമന്ത്രി ചിലവാക്കിയത്.
ഒക്ടോബര്‍ 30, 2016
സിംലയില്‍ നിന്ന് മുന്നൂറു കിലോമീറ്ററോളം അകലെയുള്ള ചൈനീസ് അതിര്‍ത്തിയില്‍ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും ദോഗ്ര ടൈഗേര്സിനുമൊപ്പമാണ് അക്കൊല്ലം ഇന്ത്യന്‍ പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. പാരാട്രൂപ്പേര്സിനും മറ്റു സൈനികര്‍ക്കുമൊപ്പം ചിലവാക്കിയ ദീപാവലി കുടുംബത്തില്‍ നിന്നകന്ന് എവിടേയോ ജീവിയ്ക്കുന്ന അവര്‍ക്ക് ചോദിയ്ക്കാനും പറയാനുമാളുണ്ടെന്ന തെളിവായിരുന്നു.
ഒക്ടോബര്‍19, 2017
പാകിസ്ഥാന് കൈയ്യടക്കിവച്ചിരിയ്ക്കുന്ന കാശ്മീരിന്റെ നിയന്ത്രണരേഖയ്ക്കടുത്ത് ഗുറെസ് താഴ്വരയിലെ സൈനികക്യാമ്പിലാണ് ആ വര്‍ഷം പ്രധാനമന്ത്രി ദീപാ!വലി ആഘോഷിച്ചത്. എല്ലാവര്ക്കും കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിയ്ക്കാനാനിഷ്ടം. അന്നദ്ദേഹം പറഞ്ഞു. കുടുംബത്തില്‍ നിന്ന് ദൂരെ നിന്ന് ജന്മഭൂമിയുടെ അതിര്‍ത്തികാക്കുന്ന നിങ്ങളാണ് എന്റെ കുടുംബം.
നവംബര്‍ 7 ,2018
അന്ന് ഇന്ത്യയക്കും ചൈനയ്ക്കുമിടയിലുള്ള ഉത്തരകാശിയില്‍ അതിര്‍ത്തിയിലെ സമുദ്രനിരപ്പില്‍ നിന്ന് 7860 കിലോമീറ്റര്‍ ഉയരത്തിലുള്ള ഹാര്‍ഷില്‍ പ്രദേശം. അവിടത്തെ സൈനികക്യാമ്പിലാണ് അക്കൊല്ലം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. ജീവന് തണുത്തുറയുന്ന കാലാവസ്ഥയില്‍ മലനിരകളില്‍ ഒറ്റപ്പെട്ട ക്യാമ്പുകളിലെ സൈനികര്‍. അവര്‍ക്ക് മധുരപലഹാരങ്ങള്‍ നല്കി. അവരോട് തമാശപറഞ്ഞും സംസാരിച്ചും ആ ദിവസം അദ്ദേഹം ചിലവഴിച്ചു
ഡല്‍ഹിയിലെ ജനപഥത്തിന്റെ സുഖലോലുപതയിലല്ലാതെ ദുരന്തങ്ങളില്‍പ്പെട്ട ജനങ്ങളെ നേരിട്ടുകാണാന്‍, അതിര്‍ത്തികളിലൂടെ നുഴഞ്ഞുകയറി രാജ്യത്തെ ഇരുട്ടിലാക്കാനൊരുങ്ങിയ അസുരന്മാരെ ചാമ്പലാക്കാന്‍ കണ്ണിമവെട്ടാതെ ഈ നാടിന്റെ സുരക്ഷയൊരുക്കുന്ന ജവാന്മാരോട് ഒരു ദിവസം ചിലവഴിയ്ക്കാന്‍, പ്രധാനമന്ത്രി തന്നെ ആ ദിവസം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചപ്പോഴാണ് ഒരു പുതിയ ദീപാവലി ഇന്ത്യയില്‍ തുടങ്ങിയത്.
വെളിച്ചമെത്താതെ കിടന്ന ഗ്രാമങ്ങളില്‍ 2014 മുതലിന്നുവരെ യുദ്ധകാലാടിസ്ഥാനത്തില്‍ വെളിച്ചമെത്തിച്ചപ്പോള്, വിറകടുപ്പുകളിലൂതിയൂതി പുകയും ചൂടുമേറ്റ് ചുമച്ചുതീര്ന്ന എണ്പതുദശലക്ഷം കുടുംബങ്ങളിലെ പെണ്‍ജീവിതങ്ങള്‍ക്ക് പാചകവാതകമെത്തിച്ചപ്പോള് സാംസങ്ങും ആപ്പിളും ഇന്ത്യയില്‍ ഫാക്ടറികള്‍ തുറന്നപ്പോള്‍, ലോക്ള്ഹീഡ് മാര്ട്ടിന് മുതല്‍ കലാഷ്നിക്കോവ് വരെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് നിര്‍മ്മിയ്ക്കപ്പെട്ടപ്പോള്‍ ദീപാവലിയെന്നത് ഇന്ത്യയുടെ പുതിയ തെളിച്ചമാവുകയായിരുന്നു.
രാജ്യത്തെ അസ്ഥിരപ്പെടുത്താനൊരുങ്ങുന്നവന്റെ നെഞ്ചിനുള്ളില്ക്കയറി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താനും അവന്റെ എഫ് 16നുകളുടെ പിറകേ പോയി തകര്‍ത്തെറിയാനും, അവന്റെ അതിര്ത്തിക്കുള്ളില്പ്പെട്ടാല്പ്പോലും ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ നമ്മുടെ സൈനികരെ തിരികെ വിടാന്‍ തക്കവണ്ണം പാകിസ്ഥാനെപ്പോലെയുള്ള ഒരു ഭീകരരാജ്യം ഭയന്നുവിറയ്ക്കാനും, ഭീകരതയുടെ വിത്തുകള്‍ മുളപ്പിയ്ക്കുന്ന കോട്ടകൊത്തളങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കി ഭസ്മമാക്കാനും, രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ ഹൃദയത്തില്ത്തറച്ചിരുന്ന ‘ആര്‍ട്ടിക്കിളുകള്‍’ എടുത്ത് ചവറ്റുകുട്ടയില്ത്തട്ടാനും ഈ മഹാരാജ്യത്തെ…യുഗങ്ങളായി രക്തത്തിലൊഴുകുന്ന രാഷ്ട്ര സങ്കല്‍പ്പത്തെ ധൈര്യപ്പെടുത്തിയ ശക്തിയുടെ ദീപാവലി.
അതെ… ദീപാവലികള്‍ ഇന്ത്യയുടെ പുതിയ വെളിച്ചമാവുകയാണ്
Discussion about this post