ഹൈബി ഈഡൻ എംപിയെ ട്രോളി കൊച്ചി മേയർ സൗമിനി ജെയിൻ. മേയർ സ്ഥാനം ഒഴിഞ്ഞാൽ ഏതു മേഖലയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് മറുപടിയായാണ് സൗമിനിയുടെ പ്രതികരണം. ‘ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കും’ എന്നായിരുന്നു മേയറുടെ മറുപടി.
വോട്ടെടുപ്പു ദിവസം കൊച്ചി വെള്ളത്തിലായതിനു പിന്നാലെ ഹൈബി ഈഡന്റെ ഭാര്യ ഫേസ്ബുക്കിൽ ഇട്ട ഫോട്ടോയ്ക്കൊപ്പമുള്ള കുറിപ്പിൽ ‘ബലാൽസംഗ’ പരാമർശമുണ്ടായിരുന്നു. ഇത് വിവാദമായതോടെ അവർ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. എറണാകുളത്ത് ടി.ജെ.വിനോദിന്റെ ഭൂരിപക്ഷം കുറഞ്ഞത് നഗരസഭയുടെ കാര്യക്ഷമത ഇല്ലായ്മകൊണ്ടാണെന്നു ഹൈബി ഈഡനും തുറന്നടിച്ചിരുന്നു. ഇതിനു മറുപടിയുമായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മേയറുടെ പരാമർശം.
നഗരസഭയുടെ വികസനത്തിന് എല്ലാ പ്രതിനിധികൾക്കും ഉത്തരവാദിത്തമുണ്ട്. നേട്ടങ്ങളുണ്ടാകുമ്പോൾ അതിന്റെ മാത്രം ഭാഗമാകാൻ നോക്കുകയും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കുറ്റപ്പെടുത്തലുമായി വരുന്നതും അംഗീകരിക്കാനാവില്ല. മേയറെ നീക്കണമെന്ന് പാർട്ടിയുടെ ഭാഗത്തു നിന്ന് ആവശ്യം ഉയർന്നിട്ടില്ലെന്നും ഹൈബി ഈഡന്റെ വിമർശനത്തിനു മറുപടിയായി സൗമിനി ജെയിൻ പറഞ്ഞു.
Discussion about this post