ഉദ്ഘാടന ചടങ്ങില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ച് നടി നൂറിന് ഷെരീഫിന് നേരെ കയ്യേറ്റ ശ്രമം. മഞ്ചേരിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് താരത്തിന് മര്‍ദനമേറ്റത്. താരം എത്തിയതോടെ കാറിന് ചുറ്റം ജനക്കൂട്ടം തടിച്ചുകൂടുകയും കാറിന് മേലെ ഇടിക്കുകയും ചെയ്തു. അതിനിടെ കൂട്ടത്തിലുണ്ടായിരുന്ന ചിലരുടെ കൈ തട്ടി മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് തന്നെ താന്‍ സ്ഥലത്ത് എത്തിയെന്നും സംഘാടകരാണ് ആളുകള്‍ കൂടുതല്‍ വരട്ടെ എന്ന് പറഞ്ഞ് പരിപാടി നീട്ടിയതെന്നുമാണ് താരം പറയുന്നത്.
വൈകീട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകര്‍ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ പറഞ്ഞു. ഇതനുസരിച്ച് നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലില്‍ എത്തി. എന്നാല്‍, ആളുകള്‍ കൂടുതല്‍ വരട്ടെ എന്നു പറഞ്ഞ് സംഘാടകര്‍ തങ്ങളോട് വൈകീട്ട് ആറു മണിവരെ ഹോട്ടലില്‍ നില്ക്കാന് ആവശ്യപ്പെടുകയായിരുന്നുവെന്ന് അമ്മ പറഞ്ഞു.
നൂറിന് വേദിയിലെത്തിയതോടെ എത്താന്‍ വൈകിയതായി ആരോപിച്ച് ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിന് തന്നെ മൈക്കെടുത്ത് സംസാരിച്ചുതുടങ്ങി.
വേദിയിലെത്തിയ നടി ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദന സഹിച്ച് കരഞ്ഞുകൊണ്ടാണ് ജനങ്ങളോട് സംസാരിച്ചുതുടങ്ങിയത്. ‘ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ. കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കൂ. എന്നോട് ഒരു ഇത്തിരി ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ പറയുന്നത് ഒന്ന് കേള്‍ക്കൂ, ഞാന്‍ വരുന്ന വഴിക്ക് ആരൊക്കെയോ എന്റെ മൂക്കിന് ഇടിച്ചു. ആ വേദനയും കരച്ചിലും വന്നാണ് ഞാന്‍ ഇരിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നൂറിന് സംസാരിച്ചുതുടങ്ങിയത്. എത്താന്‍ വൈകിയതിന് താനല്ല ഉത്തരവാദിയെന്നും നൂറിന് പറഞ്ഞു. പിന്നീട് നൂറിന് തന്നെ ജനങ്ങളെ സമാധാനിപ്പിച്ചാണ് ചടങ്ങ് തുടര്‍ന്നത്. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിന് മടങ്ങിയത്.
Discussion about this post