റഷ്യന്‍ സഹകരണത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് വാങ്ങാന്‍ ലോക രാജ്യങ്ങള്‍. കസാക്കിസ്ഥാന്‍, ബ്രസീല്‍, പെറു, ഇന്തൊനീഷ്യ എന്നി രാജ്യങ്ങള്‍ക്ക് പിറകെ ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് ഫിലിപ്പൈനും അറിയിച്ചു. ഇക്കാര്യം മനില ബുള്ളറ്റിന് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് സഹ്യാദ്രി കഴിഞ്ഞയാഴ്ച മനില സന്ദര്‍ശിച്ചിരുന്നു. ഇതിനിടെയാണ് ബ്രഹ്മോസ് മിസൈല്‍ ഇടപാട് സംബന്ധിച്ച് ഇന്ത്യന്‍, ഫിലിപ്പീന്‍സ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തതെന്നാണ് വിവരം. ഫിലിപ്പീന്‍സ് ആര്‍മി വൈസ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ റെയ്നാല്‍ഡോ അക്വിനോ ഐഎന്‍എസ് സഹ്യാദ്രിയില്‍ പര്യടനം നടത്തിയിരുന്നു.തീരദേശ പ്രതിരോധ നീക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാല്‍ ഇത്തരത്തിലുള്ള മിസൈല്‍ സ്വന്തമാക്കാന്‍ ഫിലിപ്പൈന്‍ ആര്‍മിക്ക് താല്‍പ്പര്യമുണ്ടെന്ന് കരസേന വക്താവ് ലഫ്റ്റനന്റ് കേണല്‍ റാമോണ്‍ സാഗാല മനില ബുള്ളറ്റിനോട് പറഞ്ഞു. ഫിലിപ്പൈന്‍ ആര്‍മി അതിന്റെ പീരങ്കി റെജിമെന്റിന്റെ പരിധിയില്‍ വരുന്ന ആദ്യ ലാന്‍ഡ് അധിഷ്ഠിത മിസൈല്‍ ബാറ്ററി സജീവമാക്കുന്നതിന് ബ്രഹ്മോസിന്റെ വാങ്ങല്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. കരനാവികവ്യോമ സേനകള്‍ക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകള്‍ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങള്‍ക്കു മാത്രമാണു ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്കരിച്ച് തയാറാക്കുകയായിരുന്നു. ബെംഗളുരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) പരിഷ്കരിച്ച വിമാനം 2015 ഫെബ്രുവരിയിലാണു വ്യോമസേനയ്ക്കു കൈമാറിയത്. വീണ്ടും ഒരു വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കും ജോലികള്‍ക്കുമൊടുവിലാണു സുഖോയ് 30-ബ്രഹ്മോസ് സംയോജനം പൂര്‍ത്തിയായത്.
വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍ പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണു ബ്രഹ്മോസ്–സുഖോയ് സംയോജനത്തിന്റെ ഗുണം. ഇന്ത്യയും റഷ്യയും ചേര്‍ന്നാണു ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചത്. മണിക്കൂറില്‍ 3,200 കിലോമീറ്ററാണു വേഗം. ഭാരം 2500 കിലോ. കരയില്‍നിന്നും കടലില്‍നിന്നും തൊടുക്കാം. 300 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകള്‍ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും. എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂര്‍ണമായും തകര്‍ക്കാനും കഴിയും.
ബ്രഹ്മോസ് ഫിലിപ്പൈനു വില്‍ക്കുന്ന കാര്യം ഇന്ത്യയുടെ സജീവ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യമായി ഒരു വിദേശ രാഷ്ട്രത്തിനു ബ്രഹ്മോസ് മിസൈല്‍ വില്പന നടത്തുന്നതിനുള്ള സുപ്രധാന നീക്കമായാണ് വിലയിരുത്തുന്നത്. കസാക്കിസ്ഥാന്‍, ബ്രസീല്‍, പെറു, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാന്‍ താല്പര്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിരുന്നു.
Discussion about this post