റെജി കുമാര്‍ ( മാധ്യമപ്രവര്ത്തകന്) In Facebook
ഇത് ആരെയും കുറ്റപ്പെടുത്താനോ കളിയാക്കാനോ വിമര്‍ശിക്കാനോ രാഷ്ട്രീയ പക തീര്‍ക്കാനോ എഴുതുന്നതല്ല. എന്നാല്‍ ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല. ചോദിച്ചേ പറ്റൂ എന്നതാണു സ്ഥിതിയും.
കേരളം ആരോഗ്യരംഗത്ത് ബെസ്റ്റാണ്. നിപ്പയെപ്പോലും പിടിച്ചുകെട്ടിയ മെഡിക്കല്‍ കോളെജുകളും ജില്ലാ താലൂക്ക് ആശുപത്രികളും. ഇനി അതിനുമപ്പുറം കേരളത്തില്‍ എത്രയെത്ര സൂപ്പര്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍. അതും ലോകോത്തര നിലവാരമുള്ളവ. അതിനും പുറമെ, ഡല്‍ഹി എയിംസ് പോലെയുള്ളവ.
എന്നിട്ടും സഖാവ് പിണറായിയും സഖാവ് കോടിയേരിയും ചികിത്സയ്ക്കു തെരഞ്ഞെടുത്തത് അമെരിക്കയിലെ ആശുപത്രികളാണ്. ഒന്നുകില്‍ അവര്‍ക്ക് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരത്തിലും ഡോക്റ്റര്‍മാരുടെ കഴിവുകളിലും സംശയമുണ്ട്. അതല്ലെങ്കില്‍ കേരളത്തിലെയും രാജ്യത്തെയും മറ്റു സ്പെഷ്യാലിറ്റി ആശുപത്രികളെയും ഡോക്റ്റര്‍മാരെയും ഒട്ടും വിശ്വാസമില്ല. അല്ലാതെ അമെരിക്കയ്ക്കു പോകാന്‍ വേറെ കാരണമൊന്നും കാണുന്നില്ല.
അവര്‍ക്ക് അവരുടെ ഇഷ്ടം.
സ്വന്തം ജീവന്റെ കാര്യമല്ലേ. ആയിക്കോട്ടെ.
എന്നാല്‍ ചോദ്യമിതാണ് :
എന്തേ സൈമണ്‍ ബ്രിട്ടോയെ ആ അമെരിക്കന്‍ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് അയച്ചില്ല?
എന്തേ കൂത്തുപ്പറമ്പിലെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പനെ അമെരിക്കയില്‍ ചികിത്സിപ്പിച്ച് എഴുന്നേല്‍പ്പിച്ചു നടത്താന്‍ ശ്രമിക്കാം എന്ന് പിണറായിയും കോടിയേരിയും ചിന്തിച്ചില്ല?
സ്വന്തം ആരോഗ്യം മാത്രമാണോ പിണറായിക്കും കോടിയേരിക്കും മുഖ്യം? ബ്രിട്ടോയ്ക്കും പുഷ്പനുമൊക്കെ ആ മികച്ച ചികിത്സാ സൗകര്യം ലഭ്യമാകണ്ടേ?
ഒപ്പം ഭാര്യയെ കൊണ്ടുപോകുന്നതിനു പകരം, ആ പണം ചെലവിട്ട് ബ്രിട്ടോയെയും പുഷ്പനെയുമൊക്കെയായിരുന്നില്ലേ ട്രംപിന്റെ നാട്ടില്‍ കൊണ്ടുപോയി ചികിത്സിപ്പിക്കേണ്ടിയിരുന്നത്?
ബ്രിട്ടോയും പുഷ്പനും അമെരിക്കന്‍ ബൂര്‍ഷ്വാ ചികിത്സ കഴിഞ്ഞ് എഴുന്നേറ്റ് നടന്നാല്‍ ആദ്യം കൈകൊടുക്കാന്‍ ഞാനുണ്ടായേനെ. പക്ഷേ ബ്രിട്ടോ ഇന്നില്ല.
ദയവായി പുഷ്പനെയെങ്കിലും ഇങ്ങനെ കിടത്താതിരിക്കുക. അമെരിക്കയ്ക്കു കൊണ്ടുപോവുക. ഇരു ”സഖാക്കള്‍”ക്കുമായി കോടികള്‍ പിരിച്ച പ്രസ്ഥാനമല്ലേ.
ആരും പിണങ്ങരുത്.
ബ്രിട്ടോ വീല്‍ ചെയറിലും പുഷ്പന് കിടക്കയിലും കിടന്നാലേ രക്തസാക്ഷി പരിവേഷം കിട്ടൂ എന്നതിനാലാണോ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയ്ക്കു കൊണ്ടുപോകാതിരുന്നത്? അങ്ങനെ കരുതാനേ ഇപ്പോള്‍ തരമുള്ളൂ.
Discussion about this post