ഡല്‍ഹി: ഐപിഎല്‍ ഒത്ത്കളിക്കേസില് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി. ഡല്‍ഹി വിചാരണക്കോടതിയാണു കേസില്‍ ശ്രീശാന്തിന്റെ കരിയറില്‍ ഏറെ നിര്‍ണായക വിധി പറഞ്ഞത്. ഡല്‍ഹി പോലിസിന്റെ എല്ലാ കണ്ടെത്തലുകളും പൂര്‍ണമായി തള്ളിയ കോടതി കുറ്റപത്രം റദ്ദാക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിച്ചപ്പോള്‍ കേസില്‍ വിധി പ്രഖ്യാപിക്കുന്നത് മാറ്റിവെക്കണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടത് വിധി ഇന്ന് ഉണ്ടാവുമോ എന്ന ആശങ്ക പരത്തിയിരുന്നു..
പാട്യാല ഹൗസ് പ്രത്യേക കോടതി അഡിഷണല്‍ സെഷന്‍സ് ജഡ്ജി നീന ബന്‍സാല്‍ കൃഷ്ണയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ ഊര്‍ജ്ജം പകരുന്ന വിധി പ്രസ്താവം നടത്തിയത്.
വാതുവെപ്പ് കേസില്‍ അന്വേഷണം തുടരാനാണ് ലോധ കമ്മിറ്റി നിര്‍ദേശിച്ചത്. തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാന് പൊലീസിന്റെയും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും അന്വേഷണങ്ങള്‍ തുടരുകയാണ്. ഇവരെ ഏകോപിപ്പിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും വേണം. അതിനാല്‍ തുടരന്വേഷണത്തിന് അനുമതി തരണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി പരിഗണിച്ചില്ല.
ഐപിഎല്‍ വാതുവയ്പിനെക്കുറിച്ച് അന്വേഷിച്ച ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്ലിന്റെ കുറ്റപത്രത്തിന്മേലുള്ള തീരുമാനമാണു കോടതി പ്രഖ്യാപിച്ചത്. രാജസ്ഥാന് റോയല്‍സ് ടീമംഗങ്ങളായ ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന് എന്നിവരും കൂടാതെ അധോലോക നേതാക്കളായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ എന്നിവരടക്കം 42 പേരാണു പ്രതിപ്പട്ടികയിലുണ്ടായിരുന്നു. എല്ലാവരെയും കേസില്‍ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. എല്ലാ പ്രതികളെയും വെറുതെ വിടുന്നു എന്ന് മാത്രമായിരുന്നു കോടതിയുടെ വാക്കുകള്‍.
2013 മേയ് ഒന്പതിനു മൊഹാലിയില്‍ കിംഗ്സ് ഇലവന് പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം തന്റെ രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നാണു ഡല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു.മക്കോക്ക ചുമത്തിയതിനെ കോടതി നേരത്തെ തന്നെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
വിധി പ്രസ്താവം കേള്‍ക്കാന്‍ ശ്രീശാന്ത് കോടതിയില്‍ എത്തിയിരുന്നു. പ്രാര്‍ത്ഥനയോടെയാണ് ശ്രീശാന്ത് കോടതി നടപടികള്‍ വീക്ഷിച്ചത്. തന്റെ പിന്തുണച്ചവര്‍ക്ക് എല്ലാ നന്ദിയും എന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം
ശ്രീശാന്തിന്റെ വിലക്ക് നീക്കല്‍ ഉടനെയുണ്ടാകില്ലെന്ന് ബിസിസിഐ
മുംബൈ: ഐപിഎല്‍ വാതുവെപ്പ് കേസില്‍ കോടതി കുറ്റവിമുക്തരാക്കിയ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ക്ക് മേലുള്ള വിലക്ക് ഉടന്‍ നീക്കില്ലെന്ന് ബിസിസിഐ അറിയിച്ചു ബിസിസിഐ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിലക്കിന് കേസുമായി ബന്ധമില്ലെന്നും ബിസിസിഐ അഴിമതി വിരുദ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചന്ദില എന്നിവര്‍ക്കാണ് ബിസിസിഐ വിലക്കുള്ളത്.
Discussion about this post