ഡല്‍ഹി: ഏറെ പ്രധാനപ്പെട്ട അയോധ്യ, ശബരിമല ഹര്‍ജികളിലെ സുപ്രധാന കേസുകളിലെ വിധി അടുത്തയാഴ്ച ബുധന്‍, വ്യാഴം വെള്ളി ദിവസങ്ങളില്‍ ഉണ്ടായേക്കും.
ഈ ആഴ്ചയിലെ അവസാന പ്രവര്‍ത്തി ദിവസമായ ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഇവയൊന്നും ഉള്‍പ്പെട്ടിട്ടില്ല. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സുപ്രിം കോടതി അവധിയാണ്. പിന്നീടുള്ള പ്രവൃത്തിദിവസം ബുധനാഴ്ചയാണ്. അതിനാല്‍, ബുധന്‍, വ്യാഴം, വെള്ളി എന്നി മൂന്നുദിവസങ്ങളിലാകും സുപ്രധാന വിധികളെല്ലാം. റാഫേല്‍ കേസിലും വിധി ഈ ദിവസങ്ങളില്‍ ഉണ്ടാകും.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് പരിഗണിച്ച കേസുകളാണ് ഇവയെല്ലാം. അദ്ദേഹത്തിന്റെ കരിയറിലെ അവസാന പ്രവൃത്തിദിവസം നവംബര്‍ 15 (വെള്ളിയാഴ്ച) ആയതിനാല്‍ അതിന് മുമ്പായി വിധികള്‍ പറയണം.
അയോധ്യയിലെ തര്‍ക്കഭൂമി രാം ലല്ല, നിര്‍മോഹി അഖാഢ, സുന്നി വഖഫ് ബോര്‍ഡ് എന്നിവയ്ക്ക് തുല്യമായി വീതിച്ചുനല്കിയ അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രീംകോടതി വാദംകേട്ടത്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചതിനെതിരായ അമ്പത്തഞ്ചോളം പുനഃപരിശോധനാ ഹര്‍ജികളിലും വാദംകേട്ടത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗബെഞ്ചാണ്. ശബരിമല, റഫാല്‍ കേസുകളിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിധിപറയാന്‍ മാറ്റിവെച്ചിട്ട് മാസങ്ങളായി. റഫാല്‍ ഇടപാട് ശരിവെച്ച സുപ്രീംകോടതിവിധി ചോദ്യംചെയ്താണ് പുനഃപരിശോധനാഹര്‍ജികള്‍.
ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്ഷന് സാധ്യമാക്കുന്ന വിധിക്കെതിരേ ഇ.പി.എഫ്.ഒ. നല്കിയ പുനഃപരിശോധനാഹര്‍ജിയും പരിഗണിച്ചേക്കും. ഇതില്‍ തുറന്ന കോടതിയില്‍ വാദംകേള്‍ക്കുമെന്നാണ് മുന്‍ ഉത്തരവ്. തൊഴില്‍മന്ത്രാലയത്തിന്റെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശനിയമത്തിനു കീഴില്‍ കൊണ്ടുവരുന്നതുസംബന്ധിച്ച വിഷയത്തിലും വിധിയുണ്ടാകും. നാര്‍ക്കോട്ടിക് നിയമവുമായി ബന്ധപ്പെട്ട വിഷയമാണ് വിധിപറയാന്‍ പോകുന്ന മറ്റൊന്ന്.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നതരത്തില് പ്രസ്താവന നടത്തിയതിന് രാഹുല്‍ ഗാന്ധിക്കെതിരേ ബി.ജെ.പി. എം.പി. മീനാക്ഷി ലേഖി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലും സുപ്രിം കോടതി വിധിയുണ്ടാകും
Discussion about this post