തിരുവനന്തപുരം: എന്‍.എസ്.എസ് എന്ന പ്രസ്ഥാനത്തിന് ശരിദൂരമില്ലെന്നും സമദൂരമേയുള്ളൂവെന്ന് എന്‍.എസ്.എസ് പ്രതിനിധിസഭാ അംഗവും പത്തനാപുരം താലൂക്ക് യൂനിയന്‍ ചെയര്‍മാനുമായ ആര് ബാലകൃഷ്ണപിള്ള. ‘എന്‍.എസ്.എസ് സമദൂരം മാറ്റി ശരിദൂരം സ്വീകരിച്ചെന്ന് പത്രങ്ങളില്‍ കണ്ടു. പക്ഷേ, തങ്ങള്‍ക്കാര്‍ക്കും നിര്‍ദേശം ലഭിച്ചിട്ടില്ല. അത് സംഘടനപരമായി ആലോചിച്ച് ചെയ്തതാണോ എന്ന് തനിക്ക് സംശയമുണ്ട്’ വാര്‍ത്തസമ്മേളനത്തില്‍ ബാലകൃഷ്ണ പിള്ള പറഞ്ഞു.
താന്‍ ഇപ്പോഴും എന്‍.എസ്.എസ് സമിതികളിലുണ്ട്. സുകുമാരന്‍ നായര്‍ പറഞ്ഞത് എന്‍.എസ്.എസിന്റെ അഭിപ്രായമാണോ എന്ന് വ്യക്തമല്ല. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല. എന്‍.എസ്.എസിന്റെ നേതാക്കള്‍ കാലകാലങ്ങളില്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്‍.ഡി.പി എന്ന പാര്‍ട്ടി സ്ഥാപിക്കപ്പെട്ടു. പി.കെ. നാരായണപ്പണിക്കരും കിടങ്ങൂര്‍ ഗോപാലകൃഷ്ണ പിള്ളയും നേരത്തേ എന്‍.ഡി.പി നേതാക്കളായിരുന്നു. മന്നത്ത് പത്മനാഭന് പോലും എന്‍.എസ്.എസിന്റെ പേരില്‍ വോട്ട് പിടിച്ചിട്ടില്ല തന്‍േറത് വ്യക്തിപരമായ അഭിപ്രായമെന്നാണ് സുകുമാരന്‍ നായര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം പറഞ്ഞത്. അദ്ദേഹത്തിന് തന്റെ നിലപാട് തുടരാന്‍ അവകാശമുണ്ട്. നായര്‍ സമുദായം ഇന്ന രീതിയില്‍ വോട്ട് ചെയ്യണമെന്ന് ജനറല്‍ സെക്രട്ടറി എവിടെയും പറഞ്ഞതായി താന്‍ കേട്ടില്ല.
മുന്നാക്ക വികസന കോര്പറേഷന് സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ലെന്ന സുകുമാരന്‍ നായരുടെ അഭിപ്രായവും അദ്ദേഹം തള്ളി. എന്‍.എസ്.എസിന് ചില പരാതികളുണ്ടാകാം. മുന്നാക്ക കോര്പറേഷന് ലഭിക്കേണ്ട പണം ലഭിച്ചു. അത് മാര്‍ച്ചിനുള്ളില്‍ ചെലവഴിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡില്‍ ജോലിക്ക് മുന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം അനുസരിച്ച് പട്ടിക തയാറാക്കിയതോടെ ആ പരാതിയിലും വലിയ കാര്യമില്ലെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു.
Discussion about this post